Friday, November 26, 2010

കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം   




കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും



Posted on: 28 Aug 2010





1887 ലാണ്.

കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ തന്റെ കുതിരവണ്ടിയില്‍നിന്ന് കുതിരയെ അഴിച്ചു മാറ്റി പകരം കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ രൂപകല്പന ചെയ്ത് വളരെയേറെ പരീക്ഷണങ്ങള്‍ക്കും പിഴവുകള്‍ക്കും ശേഷം നിര്‍മ്മിച്ച ഫോര്‍ സ്‌ട്രോക്ക് ഇന്റേണല്‍ കംബസ്റ്റിന്‍ ഘടിപ്പിച്ചു. വണ്ടി ഓടിച്ചു.



ജര്‍മ്മന്‍ എന്‍ജിനീയര്‍ കാള്‍ ബെന്‍സും ലോകത്തെ ആദ്യ കാറും

കുതിരയില്ലാതെ ഒരു കുതിരവണ്ടി അങ്ങനെ ആദ്യമായി ഒരു യാത്രക്കാരനെയും കയറ്റി ഓടി. യാത്രക്കാരന്‍ കാള്‍ ബെന്‍സു തന്നെയായിരുന്നു.



ലോകസാമ്പത്തിക സമവായത്തിലെയും ഉപഭോക്ത്യകാഴ്ചപ്പാടിലെയും ഇക്കണോമിക്ക് വാല്യൂ അളക്കാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ സംതൃപ്തിയുടെയും ഏറ്റവും വലിയ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അവ്വിധമൊന്നും ചിന്തിക്കാതെ കാള്‍ ബെന്‍സ് അപ്പോള്‍ ചെയ്തത്.



മുതലാളിത്തവും കമ്യൂണിസവും ഫാസിസവും നാസിസവും എല്ലാ തത്വശാസ്ത്രങ്ങളും എന്നല്ല, സാമ്പത്തികശാസ്ത്രത്തിന്റെ അടിവേരുകള്‍ പോലും ഇളക്കാന്‍ പര്യാപ്തമായ ശക്തിയുടെ സിംബലായിരുന്നു അന്ന് ആരുമറിയാതെ അവിടെ ജന്മമെടുത്തത്.



ഒരു വ്യക്തിയുടെ സമ്പത്തിന്റെയും സംത്യപ്തിയുടെയും ഒരു മാതിരി എല്ലാവരും അംഗീകരിക്കുന്ന അളവുകോലായി ഈ വാഹനം ഭാവിയില്‍ മനുഷ്യമനസ്സിനെ ഭരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.



കാര്‍ എന്ന ഈ വാഹനത്തിന് ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനെയും, പക്ഷെ ഒറ്റ നോട്ടത്തിന് ക്ലാസിഫൈ ചെയ്യാവുന്ന പരാമീറ്റര്‍ ആക്കി മാറ്റിയത് മുപ്പതോളം കൊല്ലങ്ങള്‍ക്കു ശേഷം ഹെന്‍റി ഫോര്‍ഡ് എന്ന വ്യവസായി ആയിരുന്നു.



കുറെക്കാലമായി ലോകം അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന കുതിരയില്ലാതെ യന്ത്രം കൊണ്ട് ഓടുന്ന നാലുചക്ര ആഡംബര വാഹനത്തിനെ പണക്കാരന്റെ മാളികമുറ്റത്തു നിന്ന് ഇറക്കി ഫോര്‍ഡ് തന്റെ ഫാക്ടറിയിലെ തൊഴിലാളിക്കു നാലു മാസത്തെ ശമ്പളം കൊണ്ട് സ്വന്തമാക്കാവുന്ന നിലയില്‍ എത്തിച്ചു.



കാറിന്റെ പ്രൊഡക്ഷന്‍ കൂടിയപ്പോള്‍ പത്തുകൊല്ലക്കാലം ഫോര്‍ഡിനെ അലട്ടിയ ഒരു സത്യം ഉണ്ടായിരുന്നു. പെയിന്റ് ഉണങ്ങിക്കിട്ടാനുള്ള കാലതാമസം. ഒരു പെയിന്റേ അന്ന് പെട്ടെന്ന് ഉണങ്ങുന്നതായി മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നുള്ളു. ജപ്പാന്‍ ബ്ലാക്ക്. അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഫോര്‍ഡ് വാചകമുണ്ട്.

ANY COLOUR IS ACCEPTABLE AS LONG AS IT IS BLACK.



ശ്രമിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന വാഹനമായി കാറ്. ശരിക്കും ഒരു വ്യക്തിയുടെ സമൂഹത്തിലെ വിജയത്തിന്റെ അളവുകോല്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും.



കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ആദ്യം യന്ത്രവത്കൃതമായ വാഹനങ്ങള്‍ സ്‌റേററ്റിന്റെ കൈപ്പിടിയില്‍ നിന്നും സാധാരണക്കാരന്റെ കൈപ്പിടിയിലേക്കു നല്‍കാന്‍ വൈമുഖ്യമുണ്ടായിരുന്നു. പക്ഷെ ഈ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ഗ്ഗസമരത്തിന്റെ ധമനികള്‍ക്ക് തടയിടാന്‍ പോലും പ്രാപ്തമാണെന്നു കമ്യൂണിസ്റ്റ് നേത്യത്വത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ കാറിനെ കമ്യൂണിസത്തിന്റെ അപ്രമേയത്വവും മേന്മയും കാട്ടാനുള്ള സിംബലാക്കി മാറ്റാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.



1958 ലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മ്മനി ഒരു പുതിയ കാറ് മാര്‍ക്കറ്റിലിറക്കി. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ആദ്യമായി ഒരു മോഡല്‍ ഇറങ്ങുകയാണ്. പേര് ട്രബാന്റ്. അര്‍ത്ഥം ഉപഗ്രഹം എന്നാണ്. റഷ്യയുടെ സ്​പുട്‌നിക്കിനെ അനുകരിച്ചുള്ള പേര്. പ്ലാസ്റ്റിക് ബോഡി. പരിസ്ഥിതിയെ കാര്യമാക്കാത്ത പുകവിസര്‍ജ്ജനക്കുഴല്‍. ആള്‍ക്കാര്‍ കാറിനുവേണ്ടി ക്യൂ നിന്നു. പന്ത്രണ്ടും പതിനാലും കൊല്ലം നീളുന്ന വെയിറ്റിംഗ് ലിസ്റ്റ്. 1985 ആയപ്പോഴേക്കും കിഴക്കന്‍ ജര്‍മ്മനിയിലെ നാല്പതു ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തം കാറായി.



റഷ്യ അറുപതുകളുടെ അവസാനത്തിലാണ് സാധാരണക്കാരന്റെ കാറിലേക്കു കടന്നത്. 1966ല്‍ ഫിയറ്റിന്റെ ഒരു പുതിയ അവതാരമായ സിഗുലി, അഥവാ ലാഡാ എന്ന കാറ് ഉണ്ടാക്കുന്ന ഫാക്ടറി വോള്‍ഗാ നദീതീരത്തെ ടോഗ്‌ളിയാറ്റി പട്ടണത്തില്‍ ഫിയറ്റ് കമ്പനിയുടെ സഹകരണത്തോടെ 90 കോടി ഡോളര്‍ മുടക്കി സ്ഥാപിച്ചു. അന്നു വരെ റഷ്യയില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടി ആണ്ടുതോറും അനുവദിച്ചിരുന്നത് 65000 കാറുകളായിരുന്നു. പെട്ടെന്ന് ഇത് പത്തിരട്ടിയായി. എണ്‍പതുകളായപ്പോഴേക്ക് റഷ്യന്‍ കുടുംബങ്ങളില്‍ പത്തിലൊന്ന് കാറുടമസ്ഥരായി മാറി.



മനുഷ്യന് സമ്പത്ത് പണത്തിലാണെങ്കിലും അതാരും ക്യത്യമായി കാണുന്നില്ല. കാണുന്നത് സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനം, നല്ല ഭാവിയുള്ള പശ്ചാത്തലം, തന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വില, അനുയായികളുടെ എണ്ണം ഇവയൊക്കെയാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ആവശ്യമായി സ്റ്റാലിന്‍ തന്റെ പ്രസിദ്ധമായ ഗ്രേറ്റ് ബ്രേക്ക് എന്ന നയസംഹിതയില്‍ പറഞ്ഞത് സാമൂഹ്യമായ ഉന്നതിയാണ് സാമ്പത്തികത്തെക്കാള്‍ സാധാരണക്കാരന്‍ കാംക്ഷിക്കുന്നത് എന്നാണ്.



ഒരു തൊഴിലാളി തന്റെ ഏറ്റവും വലിയ സ്വത്തായി കണക്കാക്കുന്ന ഒന്ന് ജനപ്രീതിയില്ലാത്ത തന്റെ മേലുദ്യോഗസ്ഥനെ കുറ്റം പറയാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞ കാലമായിരുന്നു അത്.



കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുടെ തുടക്കവും ഈ വൈരുദ്ധ്യത്തില്‍ നിന്നായിരിക്കണം.



ഉപഭോക്താവിനെ പ്രീണിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ 1950കളില്‍ത്തന്നെ തുടങ്ങിയിരുന്നു. ചില കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സെല്‍ഫ് സര്‍വീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് അമേരിക്ക അതിസൂക്ഷ്മമായി വളര്‍ത്തിയെടുത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍. മാര്‍ഷല്‍ പ്ലാന്‍ കാലത്ത് അവ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നിര്‍ബാധം കടന്നുവന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യവും സ്വാധികാരവുമാണല്ലോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖമുദ്ര. സാമ്പത്തികത്തകര്‍ച്ചയുടെ മുപ്പതുകളില്‍ കൈവശമുള്ള തുച്ഛമായ പണം മുഴുവന്‍ ഒരേ കൂരക്കീഴിലുള്ള വിപണിയില്‍ത്തന്നെ ചിലവാക്കിക്കാന്‍ ഉപഭോക്താവിനെ സ്വയം നിര്‍ബന്ധിതനാക്കുന്ന വിദ്യയായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകളുടേത്. ആവശ്യമില്ലെങ്കിലും പ്രയോറിറ്റിയില്‍ തനിക്കത്യാവശ്യമെന്ന് ഭ്രമിപ്പിക്കുന്ന വില്പനച്ചരക്കുകള്‍ ആകര്‍ഷകമായി നിരന്നിരിക്കുകയാണ്. ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഷോപ്പിംഗ് ഒരു രസകരമായ പരിപാടിയാക്കാം.



കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്റ്റാലിനിസ്റ്റ് സംവിധാനത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ ഷോപ്പിംഗ് മാളുകളില്‍ സര്‍ക്കാരാണ് എന്ത് സാധനങ്ങളാണ് നല്‍കേണ്ടതെന്ന് വിധിച്ചിരുന്നത്. ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാനേ അധികാരമുണ്ടായിരുന്നുള്ളു. റോബട്ടുകളെപ്പോലെ പെരുമാറിയിരുന്ന സര്‍വാധികാരികളായ ജോലിക്കാര്‍ ആയിരുന്നു ഉപഭോക്താവ് എന്താണ് എത്രയാണ് വാങ്ങേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ പുതിയ കസ്റ്റമര്‍ ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജന്മമെടുത്തത്.



കാറും സൂപ്പര്‍മാര്‍ക്കറ്റും മനുഷ്യമനസ്സിന് വരുത്തുന്ന മാറ്റം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് മാവോ സെ തുംഗിന് ശേഷമുള്ള ചൈനയുടെ വിജയത്തിന്റെ പ്രധാന കാരണം. കള്‍ച്ചറല്‍ റവല്യൂഷന്റെ പരാജയം ആ അറിവിന് വേഗത കൂട്ടി.



ഇന്ത്യയില്‍ ഇന്ന് ഒന്നര കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സ് കണക്കു വിദഗ്ദ്ധര്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ കാറുകളുടെ എണ്ണം 61 കോടി ആകുമത്രെ. അന്നേയ്ക്ക് ലോകത്തിലെ എല്ലാ ആറാമത്തെ കാറും ഇന്ത്യക്കാരന്റേതായിരിക്കും.



ഇന്ത്യ നമ്പര്‍ വണ്‍. 1000 പേര്‍ക്ക് 382 കാറ്. ചൈനയ്ക്ക് അന്ന് 363 കാറേ ഉണ്ടാകുകയുള്ളു.



സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും കാര്‍ഷിക മേഖല. വിതയ്‌ക്കേണ്ടും കൊയ്യേണ്ടതും എന്താണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നതും അന്നേയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കും.





Tags: K.L.Mohanavarma, Cars, Supermarket, India, Mohadhaneeyam

No comments: