Friday, November 26, 2010

ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം



Posted on: 07 Jun 2010





ഭാരതീയ തത്വചിന്തകളില്‍ ശരി തെറ്റുകളെക്കുറിച്ച് ഏറ്റവും ലളിതമായി വിവരിക്കുന്നത് മരണത്തിന്റെ രാജാവായ യമധര്‍മ്മന്‍ യക്ഷന്റെ രൂപം ധരിച്ച് വന്ന് ജീവിതത്തിന്റെ രാജാവായ സ്വന്തം പുത്രന്‍ യൂധിഷ്ഠിരനുമായി നടത്തുന്ന സംവാദങ്ങളിലൂടെയാണ്.

അതിലൊരു ചോദ്യം.

ലാഭാനാം ഉത്തമം കിം ?

ലോകത്തിലെ ലാഭങ്ങളില്‍ സര്‍വോത്തമമായത് എന്താണ് ?

യൂധിഷ്ഠിരന്‍ പറഞ്ഞു.

ലാഭാനാം ശ്രേയ ആരോഗ്യം.

അതായത് ആരോഗ്യം ഉണ്ടായിരിക്കുക എന്നതാണ് ലോകത്തിലെ സര്‍വ ശ്രേഷ്ഠമായ ലാഭം.



ഇന്ന് വാള്‍സ്ട്രീറ്റ് അല്‍പം വാക്കു മാറ്റി പറയുന്നതും അതു തന്നെയാണ്. ലാഭം ഉണ്ടാക്കാന്‍ സര്‍വശ്രേഷ്ഠമായത് ആരോഗ്യമേഖല തന്നെയാണ്. ബാരക്ക് ഒബാമ പറഞ്ഞു. മരുന്നിനെക്കാള്‍ ദരിദ്രന് ആവശ്യം ഭക്ഷണമാണ്. കെന്നഡി ഭക്ഷണം മനുഷ്യന്റെ മൗലികാവകാശത്തില്‍ പെടുത്തി. പക്ഷെ മൂലധനത്തിന് ഭക്ഷണത്തിനെക്കാള്‍ ഇഷ്ടം മരുന്നിനോടായിരുന്നു.





കണക്കനുസരിച്ച് ലോകത്തിലെ ഭൂരിപക്ഷം സ്വത്തും അമ്പതു ശതമാനം തൊഴിലുകളും നാല്‍പതു ശതമാനം വിപണനമൂല്യവും ആഹാരവുമായി ബന്ധപ്പെട്ടതാണ്. പക്ഷെ ടേണോവര്‍ കൂടിയതു കൊണ്ട് ലാഭം കൂടുന്നില്ല. മരുന്നിന് അങ്ങനെയല്ല. അഞ്ചു ശതമാനം പോലും വിപണനമൂല്യമില്ലെങ്കിലും ലാഭം നൂറിരട്ടിയാണ്.



ഇന്നും സ്ഥിരമായി മൂല്യവര്‍ധന ഉറപ്പുള്ള ഓഹരികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേതാണ്.



ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വിദേശകോളണൈസേഷന്‍ തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അലോപ്പതിയും അപ്പാത്തിക്കിരിയും അതിവേഗം നമ്മെ കീഴ്‌പ്പെടുത്തി. പക്ഷെ ആരും അതിന്റെ സാമൂഹ്യപ്രസക്തി ഗൗരവമായി എടുത്തില്ല.



ആരോഗ്യത്തെ പ്രധാന വിഷയമാക്കി സാഹിത്യസൃഷ്ടികള്‍ പോലും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പൊതുവെ കുറവാണ് ഉണ്ടായിട്ടുള്ളത്.



ഒരു അപവാദമുണ്ടായിരുന്നു. വിശ്വസാഹിത്യത്തിലെ ഏറ്റവും ഉന്നതമായ പത്തു നോവലുകള്‍ എടുത്താല്‍ അതില്‍ ഒരു ഭാരതീയനോവലേ ഉണ്ടാകുകയുള്ളു. ആരോഗ്യനികേതനം. താരാശങ്കര്‍ ബാനര്‍ജിയുടെ ഈ ബംഗാളിനോവല്‍ ആരോഗ്യത്തിന്റെ കഥയാണ്. ആരോഗ്യനികേതനം എന്നു വച്ചാല്‍ ചികിത്സാലയം. ആസ്​പത്രിയല്ല, സൗജന്യചികിത്സാകേന്ദ്രവുമല്ല. മൂന്നു തലമുറകളായി ജാതിമതഭേദമെന്യേ ദേവീപുരം ഗ്രാമത്തിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ചികിത്സ നടത്തുന്ന മശായി കുടംബത്തിന്റെ കഥ.



ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള സംഘര്‍ഷമാണ് കഥാതന്തു. ഈ നോവല്‍ വായിച്ച് അസ്വസ്ഥരാകാതിരുന്ന സഹൃദയര്‍ ഭാരതത്തില്‍ കാണുകില്ല. ഇതില്‍ അന്തര്‍ലീനമായ സാമ്പത്തികശാസ്ത്രത്തിനാകട്ടെ, പക്ഷെ, പ്രശസ്തനിരൂപകര്‍ പോലും പ്രാധാന്യം നല്‍കിയില്ല.



മലയാളത്തിന്റെ പണ്ഡിതശ്രേഷ്ഠനും ഗുരുവും നിരൂപകനുമായിരുന്ന ഗുപ്തന്‍ നായര്‍ സാര്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.

എനിക്കു നോവല്‍ എഴുതാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ മലയാളത്തില്‍ ഒരു നോവലെഴുതിയേനേം. കേരളത്തിലെ ആയുര്‍വേദത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച്.



ഗുപ്തന്‍ നായര്‍ സാറിന്റെ പിതാവ് പാരമ്പര്യ വൈദ്യനായിരുന്നു.



ഞാന്‍ ഷെയര്‍ മാര്‍ക്കറ്റിനെ പശ്ചാത്തലമാക്കി ഓഹരി എന്ന നോവലെഴുതാന്‍ 1992 ല്‍ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു കേരളാ കമ്പനിയെ

ഉത്തരേന്ത്യന്‍ കോംപറ്റിറ്റേഴ്‌സ് ടേക്ക് ഓവര്‍ ചെയ്യുന്ന കഥയായിരിക്കണമെന്ന് പ്ലാനിട്ടു. എന്തു

കേരളാ കമ്പനിയാകണം ? കേരളത്തിലെ അന്നത്തെ പബ്ലിക്ക് ലിമിറ്റഡ് കമ്പനികളില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റു ചെയ്തതെന്ന് വിശ്വസനീയമായി ഒരു കഥയില്‍ കാണിക്കാവുന്നതില്‍ പ്രധാനമായത് ചായയും, മീനും പ്രോസസിംഗും എക്‌സ്‌പോര്‍ട്ടും ചെയ്യുന്ന കമ്പനികളായിരുന്നു. പക്ഷെ ഒരു പ്രശ്‌നം. ചായക്കമ്പനികള്‍ക്കു കേരളീയത ഇല്ല. സായിപ്പന്മാര്‍ നടത്തുന്നു. നമ്മള്‍ വെറും ജോലിക്കാര്‍. മീന്‍കമ്പനികള്‍ക്ക് കേരളീയത ഉണ്ട്. പക്ഷെ പാരമ്പര്യം ഇല്ല. എല്ലാ സമുദ്രോത്പന്ന കയറ്റുമതിക്കാരും അമ്പതുകളോടടുത്ത് രംഗത്തു വന്നവരാണ്. ഞാന്‍ ഏറെ ആലോചനകള്‍ക്കു ശേഷം പുതിയ ഒരു കമ്പനി സൃഷ്ടിക്കാന്‍ തീര്‍ച്ചപ്പെടുത്തി. നമുക്കു വൈകാരികമായി അടുപ്പമുള്ള കേരളത്തിന്റെ പാരമ്പര്യവും ആത്മാവും മാത്രമല്ല, മലയാളിയുടെ ആധുനികജീവിതശൈലി ആകെക്കൂടി മാറ്റി മറിക്കുക കൂടി ചെയ്ത ആയുര്‍വേദം കൈകാര്യം ചെയ്യുന്ന ധന്വന്തരി ഹെര്‍ബല്‍ പ്രോഡക്ട്‌സ് എന്ന ഒരു കമ്പനി അങ്ങനെ രൂപമെടുത്തു.



ഓരോ മനുഷ്യനും രൂപത്തിലും ഭാവത്തിലും കഴിവിലും വ്യത്യസ്തരാണ്. സ്വാഭാവികമായും രോഗപ്രതിരോധശക്തിയും വിഭിന്നമാണ്. അതുകൊണ്ട് ഒരേ രോഗത്തിന് ഓരോരുത്തര്‍ക്കും നല്‍കേണ്ട ചികിത്സയും ഒന്നുപോലെ ആയിരിക്കില്ല. ഇത് പ്രകൃതിനിയമമാണ്. ഏതു ചികിത്സാസമ്പ്രദായത്തിന്റെയും അടിസ്ഥാനം ഇതു തന്നെയാണ്. ആയുര്‍വേദം ഈ സമ്പ്രദായം കഴിയുന്നത്ര കാലം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാരമ്പര്യവും സംസ്‌കൃതവും ദൈവവിശ്വാസവും ആണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. ഓരോ രോഗിക്കും പ്രത്യേകമായി രോഗനിവാരണം പ്രാവര്‍ത്തികമാക്കുന്ന ശൈലി. പക്ഷെ കാലം മാറി. ധിറുതിയും അക്ഷമയും രോഗിയുടെ മുഖമുദ്രയായി. ക്വിക്ക് റെമഡി. ആര്‍ക്കും സമയമില്ല. വൈദ്യനെ നിസ്സഹായനാക്കുന്ന ഈ പുതിയ സമൂഹത്തെ നേരിടാന്‍ ശ്രമിച്ച് പരാജിതമാകുന്ന ആയുര്‍വേദത്തെയാണ് ഞാന്‍ കണ്ടത്. അലോപ്പതിയുടെ ആകര്‍ഷണീയത ലേശം അസൂയയോടെ കണ്ട് അതിനെ അനുകരിക്കാന്‍ വെമ്പുന്ന വൈദ്യ തലമുറ.



രോഗപരിശോധനയും മരുന്നു നിര്‍മ്മാണവും വിപണനവും തികച്ചും അലോപ്പതിയുടെ സ്റ്റൈലിലേക്കു മാറി. പരമ്പരാഗത വൈദ്യകുടുംബങ്ങളില്‍ നിന്നല്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കുറഞ്ഞ റാങ്കു കിട്ടി എന്ന കാരണമൊന്നുകൊണ്ടു മാത്രം ആയുര്‍വേദ വൈദ്യന്മാരാകേണ്ട ഗതികേടില്‍ മനം നൊന്ത് എങ്ങനെയെങ്കിലും അലോപ്പതി ബിരുദം നേടാന്‍ ശ്രമിക്കുന്ന ആയുര്‍വേദബിരുദധാരികള്‍. രോഗികള്‍ പോലും ആയുര്‍വേദത്തെ ഒരു സെക്കന്‍ഡ് ക്ലാസ് പരിപാടിയായി കാണുന്ന നിലയിലെത്തി.



എന്റെ നോവലില്‍ രണ്ടാം തലമുറ പാരമ്പര്യവൈദ്യനായിരുന്നു. മൂന്നാം തലമുറ വൈദ്യബിരുദം നേടിയ ബിസിനസ്‌കാരനായിരുന്നു. അദ്ദേഹം മരുന്നു ഫാക്ടറിയും പേരിന് വൈദ്യശാലയും നടത്തി. ഇടയ്ക്ക് മുത്തഛന്റെ തറവാട്ടിലെ നാലുകെട്ടിലുള്ള ധന്വന്തരിമൂര്‍ത്തി പ്രതിഷ്ഠയെ തൊഴാന്‍ പോകും. നാലാം തലമുറ വൈദ്യപഠനത്തിന് പോയില്ല. മാനേജ്‌മെന്റാണ് പ്രധാനം. വൈദ്യശാല നിര്‍ത്തി. ഫാക്ടറി വലുതായി. വടക്കേ ഇന്ത്യയില്‍ നിന്ന് ആയുര്‍വേദഭീമന്മാര്‍ ഈ കമ്പനി വിഴുങ്ങാന്‍ വരത്തക്കവിധം കമ്പനി പ്രശസ്തമായത് സ്വാഭാവികം.



മൂന്നാലു ദിവസം മുമ്പാണ്.

ഐ ടി പ്രൊഫഷണല്‍. എം ടെക്ക്. മുപ്പതു വയസ്സ് കാണും. അമ്മയും ഭാര്യയും രണ്ടു വയസ്സായ മകളും ഒപ്പം. ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു.

ചോദിച്ചു.

ഈ ആയുര്‍വേദത്തെക്കുറിച്ച് എന്താ അഭിപ്രായം?

നമ്മുടെ പൈതൃകമല്ലേ ? ഗ്രേറ്റ് മെഡിസിനല്‍ വാല്യൂ. ചരകന്‍. ശുശ്രുതന്‍.

അതല്ല, രോഗം വന്നാല്‍ നിങ്ങള്‍ ആയുര്‍വേദ ഡോക്ടറെ കാണാറുണ്ടോ ?

നോ. അത് സമയമെടുക്കും. ആയുര്‍വേദം ഈസ് ഓ കെ. പക്ഷെ വളരെ സ്ലോ പ്രോസസ് ആണ്. പിന്നെ പത്ഥ്യവും. അലോപ്പതി ഈസ് ക്വിക്കര്‍.

കുഞ്ഞിന് ?

ചിരി.

ഹോമിയോപ്പതിയാണ് പ്രിഫര്‍ ചെയ്യുന്നത്. നോ ആഫ്റ്റര്‍ ഇഫക്ട്‌സ്. പക്ഷെ പനി 102 കഴിഞ്ഞാല്‍ വീ ഗോ ഫോര്‍ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് എം ഡി മാന്‍.

നിങ്ങളുടെ അമ്മയ്‌ക്കോ ?

ഷി പ്രിഫേഴ്‌സ് ആയുര്‍വേദം. പക്ഷെ, അങ്കിള്‍... കഴിഞ്ഞ വര്‍ഷം, വീ വെന്റ് ഫോര്‍ സുഖചികിത്സ. വണ്ടര്‍ഫുള്‍. ധാരയും തിരുമ്മും കുളിയും വെജിറ്റേറിയന്‍ മീല്‍സും. റിയല്‍ റീജൂവിനേഷന്‍. ഹോളിഡേ കം ഹെല്‍ത്ത് കെയര്‍.



കോസ്റ്റ്‌ലി ആയിരുന്നില്ലേ ?

ഫിഫ്റ്റി വരെ കമ്പനി റീഇംബേഴ്‌സ് ചെയ്യും. ഇറ്റ് വാസ് ഓകെ.

ഇനി വരും കാലം ആയുര്‍വേദ ടൂറിസത്തിന്റേതാകാം.

ഒരു പുതിയ ആകര്‍ഷകമായ മിക്‌സ്.

പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രണ്ടേയുള്ളു ലോകത്തില്‍.

കാലവും കാലനും.

ആദ്യത്തേതിനെ ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ഒരു റിയല്‍ ആയുര്‍വേദ കുറുപ്പടിയുണ്ട്. ഈയിടെ നവതി ആഘോഷിച്ച എനിക്കു പിതൃതുല്യനും എന്റെ അഛന്റെ അടുത്ത സുഹ്യത്തുമായ ചാലക്കുടി രാഘവന്‍ തിരുമുല്‍പ്പാട് എന്ന പ്രസിദ്ധ ആയുര്‍വേദപണ്ഡിതന്‍ പണ്ടെഴുതിയതാണ്. എല്ലാവര്‍ക്കും വേണ്ടി. ഞാനിപ്പോഴത് ഓര്‍ക്കുകയാണ്.

നിങ്ങള്‍ക്കു പ്രായാധിക്യമായി എന്ന് തോന്നിത്തുടങ്ങുമ്പോള്‍ ഈ അഞ്ചു മരുന്നുകള്‍ സേവിക്കുക.

ഒന്ന്, എന്നും ഒരു ക്യത്യമായ സമയം വ്യായാമം ചെയ്യുക. നടപ്പു മതി. ബസ്‌ക്കിയെടുത്തില്ലെങ്കിലും കുഴപ്പമില്ല.

രണ്ട്. ഭക്ഷണത്തിന്റെ ടൈമിംഗ് മാറ്റേണ്ട. അളവ് കുറയ്ക്കുക. അഞ്ചു ദോശ തിന്നുന്നയിടത്ത് നാലാക്കുക. മൂന്നാക്കുക.

കഴിയുന്നത്ര വെള്ളം കുടിക്കുക.

ഇടനേരത്ത് വിശന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.

പിന്നെ, അവസാനമായി ഏറ്റവും പ്രധാനമായി ദൈനംദിന ജീവിതത്തിലെ ചെറിയ തീരുമാനങ്ങളെല്ലാം അടുത്ത തലമുറയ്ക്ക് വിടുക. വലിയ തീരുമാനങ്ങളെടുക്കേണ്ട പ്രശ്‌നങ്ങളെയും ചെറുതായി കാണാന്‍ ശ്രമിക്കുക.

മരണത്തിന്റെ കാര്യത്തില്‍ യമധര്‍മ്മനു പോലും നമ്മെ രക്ഷിക്കാന്‍ പറ്റുകില്ല.

പാരമ്പര്യ ആയുര്‍വേദം മരിക്കും. തീര്‍ച്ചയാണ്. പക്ഷെ ഹെല്‍ത്ത് ടൂറിസം ഏറ്റവും ലാഭകരമായ ബിസിനസ്സാണ്. അവിടെ ആയുര്‍വേദം പുതിയ ജന്മമെടുത്ത് അലോപ്പതിയുമായി സൗഹൃദത്തോടെ മുന്നേറും.



After all Ayurveda is GOD's own invention.

Tags: Ayurveda, Kerala

No comments: