Friday, November 26, 2010

ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം



Posted on: 01 Feb 2010





ആഗോള സാമ്പത്തികമാന്ദ്യം ഓഹരിവിപണിയിലെ ഇടയ്ക്കിടയ്ക്ക് വരാറും വരുത്താറുമുള്ള കാള-കരടിയുദ്ധമാണെന്നു കരുതി ഞാന്‍ സമാധാനിച്ചിരിക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇതോടെ തകരുമെന്നും ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ സാമ്പത്തികരംഗത്തും ഒന്നാം റാങ്ക് നേടിയേക്കുമെന്നും നമ്മുടെ എക്‌സ്‌ചേഞ്ച് റേഷ്യോ വിദഗ്ദ്ധ ലണ്ടന്‍ റിട്ടേണ്‍ഡ് സാമ്പത്തിക ഭീകരര്‍ മുറയ്ക്ക് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നത് വായിച്ചപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. കുറെ നാളായി അമേരിക്കയെയും ചൈനയേയും തോല്‍പ്പിക്കണമെന്നു വിചാരിക്കുന്നു. നന്നായി. അവന്മാരുടെ അഹങ്കാരം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



പക്ഷെ ഇതിനിടയില്‍ ഇവിടെ കുഴപ്പം. ഇവിടെ അരി വില കൂടുന്നൂ. തുവരപ്പരിപ്പിട്ട സാമ്പാര്‍ ഹോട്ടലുകളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഉപ്പിനും കര്‍പ്പൂരത്തിനും പൊള്ളുന്ന വില. മീന്‍ തൊട്ടു കൂട്ടാന്‍ പറഞ്ഞ തുഞ്ചത്തെഴുത്തഛന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മീനിന്റെ കാര്യം മിണ്ടില്ല. ബസ്സും കറന്റും കള്ളും എല്ലാം സര്‍വ റെക്കാര്‍ഡും ഭേദിച്ച് ആകാശത്തേക്ക് കുതിച്ചുയരുന്നു. ഇതിനിടയില്‍ ഗള്‍ഫില്‍ നിന്ന് ആള്‍ക്കാര്‍ തിരിച്ചു വരുമെന്ന് ഭീഷണി.



ഞാനാകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയാണോ ഇനി വരാന്‍ പോകുന്നത് ?



Fear of suffering is worse than actual suffering എന്നാണല്ലോ പ്രമാണം.



പക്ഷെ ഇന്ന് വായിച്ച വാര്‍ത്ത എന്റെ ദു:ഖം അസ്ഥാനത്താണ് എന്നു മനസ്സിലാക്കിത്തന്നു.



സാമ്പത്തികഭീകരരെക്കാള്‍ മിടുക്കരാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍.

അവിടെയും അല്പം ദു:ഖത്തോടെ പറയട്ടെ, അമേരിക്ക ഇപ്പോഴും മുന്നിലാണ്. ഒരു ചെറിയ സമാധാനം ചൈന നമ്മുടെ പിന്നിലാണെന്നതു മാത്രമാണ്.



സാമ്പത്തികമാന്ദ്യം വാസ്തവത്തില്‍ സമൂഹത്തിന് നന്മയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടു ഉപജീവനം നടത്തുന്ന നിരവധി എന്‍ ജി ഓ കളുടെ കണക്കപ്പിള്ളമാര്‍ ആധികാരികമായി പറയുന്നത്.



ഒരു സമൂഹത്തിന്റെ പുരോഗതിക്ക് പല അളവുകോലുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം സമൂഹത്തിലെ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണെന്ന് നമുക്കറിയാം. ഈ രണ്ടു രംഗത്തും സാമ്പത്തികമാന്ദ്യം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുണ്ടാക്കിയ പുരോഗതി അദ്ഭുതാവഹമാണ്.



ഈ രണ്ടു വര്‍ഷത്തില്‍ ആത്മഹത്യയുടെ ശതമാനം നല്ല

കാലത്തെ അപേക്ഷിച്ച് പന്ത്രണ്ടു ശതമാനം കൂടിയെങ്കിലും കാറപകടം മൂലമുള്ള മരണം സാധാരണ വാര്‍ഷിക വളര്‍ച്ചയായ പതിനെട്ടു ശതമാനത്തില്‍ നിന്നു പതിനൊന്നിലേക്കു ചുരുങ്ങി. ഫാക്ടറി സ്‌ഫോടനം കുറഞ്ഞതിനാല്‍ ആ രംഗത്തുള്ള മരണനിരക്ക് മുപ്പതു ശതമാനം താഴേക്കു വീണു. ഹ്യദയാഘാതരംഗത്ത് ഹാര്‍ട്ട് അറ്റാക്ക് വ്യവസായത്തിന് തന്നെ ഭീഷണി നേരിടുന്ന വിധം മരണത്തോത് ഏഴു ശതമാനം കുറഞ്ഞു. ഏറ്റവും ശ്രദ്ധേയമായത് ശിശുമരണനിരക്കിലുള്ള അവിശ്വസനീയമായ പുരോഗതിയാണ്. ഇവിടെ മരണനിരക്കിന് നാല്‍പ്പതു ശതമാനമാണ് ഇടിവുണ്ടായത്.



ഇതിന് ആരോഗ്യമേഖലയില്‍ ജീവിക്കുന്ന എന്‍ ജി ഓകള്‍ വ്യക്തമായ കാരണം കണ്ടു പിടിച്ചു കഴിഞ്ഞു.

Mortality and unemployment are mirror images of each other.

മത്സരം ഒഴിവാക്കാന്‍ പറ്റാത്ത സാമൂഹ്യ വ്യവസ്ഥിതിയാണിന്ന്. ജോലിസ്ഥലം ഇന്ന് ഒരു യുദ്ധഭൂമിയാണ്. ആ യുദ്ധത്തില്‍ നിന്ന് വീട്ടിലെത്തിയാല്‍ അതിന്റെ ശേഷിപ്പില്‍ വീട്ടിനകവും യുദ്ധം തുടരേണ്ടിവരുന്നു. വെള്ളമടി, ടെലിവിഷന്‍, ജംക് ഫുഡ്, വ്യായാമമില്ലായ്മ.



സാമ്പത്തികമാന്ദ്യം മൂലം വേതനം കുറഞ്ഞവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും മദ്യപാനത്തിലും പുകവലിയിലും അമ്പത്തേഴും നാല്‍പ്പത്തിമൂന്നും ശതമാനം വീതമാണ് ശരാശരി കുറവ് വന്നിരിക്കുന്നത് എന്നാണ് ഒരു വിശദമായ സര്‍വെയില്‍ കണ്ടെത്തിയത്. വില കുറഞ്ഞ ബ്രാന്‍ഡുകളിലേക്ക് വന്നതു കൂടി കണക്കാക്കിയ ആധികാരികമായ ഈ രഹസ്യറിപ്പോര്‍ട്ട് മദ്യലോബിയെയും പുകയിലലോബിയെയും ആഗോളതലത്തില്‍ത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കൊളംബിയായിലെയും നിക്കോരാഗ്വയിലെയും മയക്കുമരുന്നുമാഫിയാ പോലും അടുത്തത് തങ്ങളായിരിക്കുമോ എന്ന് ഭയപ്പെടുകയാണ്. ഈ അനുപാതത്തില്‍ മദ്യപാനവും പുകവലിയും ഇടിഞ്ഞാല്‍ ലോകാരോഗ്യസംഘടന തങ്ങളുടെ ഫണ്ടിങ് ഏജന്‍സികളുടെ സമ്മര്‍ദ്ദത്തെ വകവയ്ക്കാതെ ഈ ആഗോള സാമ്പത്തികമാന്ദ്യത്തെ പ്രകീര്‍ത്തിച്ചേക്കുമത്രെ.



ലോകത്തെമ്പാടുമുള്ള, പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ, മദ്യനിരോധന - മദ്യവര്‍ജ്ജന പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്ന കണക്കുകളാണിവ.



പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സന്തോഷിക്കാം. വരുമാനം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും ആള്‍ക്കാര്‍ കൂടുതല്‍ സമയം വീട്ടിലിരിക്കാന്‍ തുടങ്ങി. യാത്ര കുറഞ്ഞു. കാറുപയോഗം കഴിഞ്ഞ വര്‍ഷം ഒമ്പതു ശതമാനം താഴേക്കു പോയി. ഫാക്ടറികള്‍ ഷിഫ്റ്റു കുറച്ചത് മലിനവായു പുറത്തേക്കു വമിപ്പിക്കുന്ന തോതില്‍ പതിനെട്ടു ശതമാനം കുറവു വരുത്തി. കാറും ഫാക്ടറിയും കൂടിത്തന്നെ ഇങ്ങിനെ അന്തരീക്ഷമലിനീകരണം ഗണ്യമായി കുറക്കുന്നതില്‍ സഹായിച്ചു. ഇതിന്റെ ക്യത്യമായ ഇഫക്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍ കണക്കു കൂട്ടുന്നതേയുള്ളു. പക്ഷെ ഒരു കാര്യം നമുക്കു മുന്നില്‍ ഉണ്ട്.



സമീപകാലത്ത് ഇതിനു മുമ്പു പ്രധാന ഓഹരിവിപണി ഇടിവ് 1981-82 ലായിരുന്നു സംഭവിച്ചത്. അന്ന് അന്തരീക്ഷമലിനീകരണത്തിലുണ്ടായ

കുറവ് നവജാതശിശുക്കളുടെ മരണനിരക്കില്‍ വന്‍ ഇടിവ് ഉണ്ടാക്കി. ശതമാനം കിട്ടിയില്ല. പക്ഷെ 25700 കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം.



എനിക്ക് സമാധാനമായി.



പഞ്ചസാരയ്ക്ക് വില കൂടിയാലെന്താ, നമുക്ക് മധുരം നല്‍കാന്‍ സ്റ്റാറ്റിസ്റ്റിക്‌സിനു കഴിയുമല്ലോ.

Tags: K.L.Mohanavarma

No comments: