Friday, November 26, 2010

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

Posted on: 31 Mar 2010


ഓഹരിവിപണിയിലെ രാജര്‍ഷിയായ വാറന്‍ ബഫറ്റിന്റെ ഒരു പ്രശസ്ത വാക്യമുണ്ട്.
Value ? Avoid businesses whose values we cant evaluate, no matter how exciting the products are.

ഒരു കമ്പനിയുടെ മൂല്യത്തിന് അതിന്റെ ഉത്പന്നത്തിന്റെ മൂല്യവുമായി ബന്ധമുണ്ടാകണമെന്നില്ല എന്ന ബിസിനസ് ഗീതാഭാഷ്യം ശരിയായിരിക്കണം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ശാസ്ത്ര ലോകത്ത് മൂന്നു വന്‍ കണ്ടുപിടുത്തങ്ങളുണ്ടായി. ഇത്രയധികം ആവേശം മാനവസമൂഹമനസ്സില്‍ സൃഷ്ടിച്ച് ദൈനംദിന ജീവിതത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങള്‍ മുമ്പുണ്ടായിട്ടില്ല. ആ കണ്ടുപിടുത്തങ്ങളുടെ ഗുണം സാധാരണക്കാരന്റെ കൈകളില്‍ ഉപഭോഗവസ്തുവായി എത്തിക്കാമെന്ന നില വന്നപ്പോള്‍ ആഗോള വ്യവസായ വ്യാപാരരംഗങ്ങളില്‍ ഉണ്ടായ വളര്‍ച്ച ഏറ്റവും ശുഭാപ്തി വിശ്വാസക്കാരനായ സാമ്പത്തിക വിദഗ്ദ്ധന്റെ പ്രവചനങ്ങളെപ്പോലും മറികടക്കുന്നതായിരുന്നു.

കൊമേഴ്‌സ്യല്‍ വയബിലിറ്റിയോടെ ഈ മൂന്നു കണ്ടുപിടുത്തങ്ങളും, 1910ല്‍ ഓട്ടോ വ്യവസായവും, 1930ല്‍ വിമാനവും, 1950ല്‍ ടെലിവിഷനും വീടുകളിലെത്തി. ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, മരുന്ന് ഇവയിലൊന്നും പെടുന്നതല്ലായിരുന്നു. എന്നിട്ടും സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും ഈ മൂന്നു മേഖലകളിലും ഉപഭോക്താക്കളുടെ എണ്ണവും വൈവിധ്യവും വന്‍ സ്‌ഫോടനം ഉണ്ടാക്കി. ഇത്രയധികം ആകര്‍ഷകമൂല്യമുള്ള ഉത്പന്നങ്ങള്‍ വിപണിയിലില്ലായിരുന്നു.

പക്ഷെ തമാശ ഈ മൂന്നു മേഖലകളിലെയും കമ്പനികളുടെ വളര്‍ച്ച അവയുടെ ബാലന്‍സ് ഷീറ്റുകളില്‍ അതേ ആവേശത്തോടെ പ്രതിഫലിച്ചില്ല എന്നതായിരുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ ഏറ്റവും കുറഞ്ഞ കമ്പനികളുടെ കൂട്ടത്തില്‍ നിന്നും അവയ്ക്ക് രക്ഷപ്പെടാന്‍ പറ്റിയില്ല.

ഈ മേഖലകളിലെ കമ്പനികളുടെ ഓഹരി വില ഒരിക്കലും ഉത്പന്നങ്ങളുടെ അംഗീകാരത്തിനൊപ്പം ഉയര്‍ന്നില്ല.

എന്താണ് കാരണം ?

ആഗോളമത്സരം, അനുബന്ധ വ്യവസായങ്ങളുടെ വൈവിദ്ധ്യം, ടെക്‌നോക്രസിയുടെ ദൗര്‍ബല്യം. പലതും പറയാം.

പക്ഷെ മാര്‍ക്കറ്റിങ് മാനേജ്‌മെന്റിന് ഈ ആവശ്യങ്ങള്‍ മനുഷ്യന്റെ റോട്ടി, കപ്ഡാ, മകാന്‍ പോലെ അനിവാര്യമായ ഭാഗമാക്കാന്‍ കഴിഞ്ഞോ?

ആലോചിക്കേണ്ടതാണ്.

ഒരു പഴയ കഥ.
ലിസ്റ്റരിന്‍ എന്ന ലോഷന്റെ രസകരമായ ചരിത്രം.
1879 ല്‍ ഓപ്പറേഷന് മുറിവ് കഴുകാന്‍ ഏറ്റവും ശക്തിയുള്ള ആന്റി സെപ്റ്റിക്ക് ലോഷനായാണ് ലിസ്റ്റരിന്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
1895 ല്‍ അത് ദന്തഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ദന്തസംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നായി പ്രചരണം തുടങ്ങി. അതിവേഗം ലിസ്റ്റരിന്‍ മരുന്നായി ഡെന്റിസ്റ്റുകളുടെ അലമാരകളില്‍ കയറിക്കൂടി. പക്ഷെ പ്രതീക്ഷിച്ച അംഗീകാരം കിട്ടിയില്ല.

കുറച്ചു നാള്‍ കഴിഞ്ഞ് ലിസ്റ്റരിന്‍ സൂക്ഷ്മമായി ഡിസ്റ്റില്‍ ചെയ്ത് പുതിയ വേഷത്തില്‍ നിലം വ്യത്തിയാക്കാനുള്ള ഡിറ്റര്‍ജന്റ് ആയി മാറി. അവിടെയും ഗുണമുണ്ടായില്ല. പക്ഷെ കമ്പനി തോല്‍വി സമ്മതിച്ചില്ല.

ഏറെ താമസിയാതെ ഗൊണേറിയക്ക് സിദ്ധൗഷധം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട് മാര്‍ക്കറ്റില്‍ ഇറങ്ങി. പക്ഷെ ലൈംഗികരോഗികള്‍ എന്തോ ആ മരുന്നിനെ പുണര്‍ന്നില്ല.

അവസാനം 1914ല്‍ ലിസ്റ്റരിന്‍ ഡോക്ടറുടെ കുറുപ്പടിയില്ലാതെ ആര്‍ക്കും നേരിട്ടു മരുന്നു കടയില്‍ നിന്നു വാങ്ങാവുന്ന മൗത്ത് വാഷായി അവതാരമെടുത്തു.

ഇത്രയൊക്കെ സംഭവിച്ചെങ്കിലും ലിസ്റ്റരിന്‍ ഉണ്ടാക്കുന്ന ലാംബര്‍ട്ടു കമ്പനി ലാഭമുണ്ടാക്കിയില്ല.

Together Journalists and experts are the architects of conventional wisdom and the advertising is the brilliant tool.

ഈ ആപ്തവാക്യം ശരിവയ്ക്കുന്നതായിരുന്നു ലിസ്റ്റരിന്റെ 1920 മുതലുള്ള പ്രകടനം.

ലിസ്റ്റരിന്‍ മരുന്ന് ആകുന്നതാണ് അംഗീകാരത്തിന് നല്ലത്. പക്ഷെ എന്തിന്റെ മരുന്ന് ? മരുന്നിന് ഒരു രോഗം വേണം. ഏറ്റവും നല്ലത് ഒരു സാധാരണ രോഗമാണ്. ആര്‍ക്കുമുണ്ടാകാവുന്ന രോഗം. പ്രത്യേകിച്ച് ഡോക്ടറെ കണ്ട് രോഗനിര്‍ണ്ണയം നടത്താതെ തന്നെ നമുക്കു മനസ്സിലാക്കാവുന്ന രോഗമാണെങ്കില്‍ ബെസ്റ്റ്.

പരസ്യവിശാരദന്മാരാണ് ഐഡിയാ കൊടുത്തത്.

മനുഷ്യന് വായനാറ്റം സാധാരണമാണ്. ഉറക്കം തുടങ്ങിയാല്‍ വായനാറ്റപ്രക്രിയ എല്ലാ ജീവജാലങ്ങളുടെയും സ്വാഭാവിക ശരീരപ്രക്യതിയില്‍ ഉള്ളതാണ്. വായനാറ്റം എല്ലാവര്‍ക്കും ഉണ്ടാകും. ഭക്ഷണം കഴിച്ചുകഴിഞ്ഞും ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും ഉണര്‍ന്നു കഴിഞ്ഞും പല്ലു തേച്ചാല്‍ മതി. വായ നന്നായി കഴുകിയാല്‍ മതി.

പക്ഷെ ലിസ്റ്റരിന്‍ കമ്പനിയുടെ പരസ്യക്കാര്‍ വായനാറ്റത്തെ ഒരു രോഗമാക്കി മാറ്റി.

ദന്തഡോക്ടറന്മാര്‍ അന്നു വരെ കേട്ടിട്ടില്ലാത്ത ഒരു രോഗം.
ക്രോണിക്ക് ഹാലിറ്റോസിസ്.

വായ നാറ്റം ക്രോണിക്ക് ഹാലിറ്റോസിസ് എന്ന ഈ രോഗം
പിടിപെടുന്നതിന്റെ ആദ്യലക്ഷണമാണ്. ആദം നാറ്റം. പിന്നെ പല്ലു പുഴുക്കും. ചീയും. വേദന. ആഹാരം കഴിക്കാന്‍ വയ്യാതാകും. ആകെ നാശം.

പരസ്യം.
സുന്ദരിയായ യുവതി. പ്രിയ കാമുകന്‍ വിവാഹാഭ്യര്‍ത്ഥനയ്ക്ക് തയാറാകുന്നില്ല. അവള്‍ ദു:ഖിതയാണ്. കാരണം. വായനാറ്റം. വെറും നാറ്റമല്ല. ക്രോണിക്ക് ഹാലിറ്റോസിസ്.

കാമുകി നിരസിച്ച യുവാവ്. കാരണം. തന്റെ വാ തുറന്നാല്‍ നാറ്റമാണത്രെ. അതും വെറും പല്ലുതേപ്പു കൊണ്ടു മാറ്റാവുന്ന രോഗമല്ല.
ക്രോണിക്ക് ഹാലിറ്റോസിസ്. അവള്‍ പറഞ്ഞു. ഈ ക്രോണിക്ക് ഹാലിറ്റോസിസ് ഉള്ള ആളുടെ കൂടെ ഞാന്‍ എങ്ങനെ ജീവിക്കും? എനിക്ക് സുഖകരമായ ദാമ്പത്യം നഷ്ടപ്പെടുകയാണ്.

യുവതലമുറയുടെ ഉറക്കെ കെടുത്തിയ ആശങ്കകള്‍. മനുഷ്യന് വരാവുന്ന ഏറ്റവും അപകടകരമായ രോഗമായി ക്രോണിക്ക് ഹാലിറ്റോസിസ് മാറി.

ജെയിംസ് ട്വിച്ചല്‍ എന്ന പരസ്യശാസ്ത്ര വിശാരദന്‍ പറയുന്നത് പരസ്യത്തിലൂടെ ഒരു രോഗം സ്യഷ്ടിക്കാമെന്ന് ആദ്യമായി തെളിയിച്ചത് ലിസ്റ്റരിന്‍ ആയിരുന്നു എന്നാണ്.

ലിസ്റ്റരിന്‍ നിര്‍മ്മിച്ച ലാംബര്‍ട്ട് കമ്പനിയുടെ വരുമാനം ഏഴു വര്‍ഷം കൊണ്ട് അറുപത് ഇരട്ടിയായി.

ക്രോണിക്ക് ഹാലിറ്റോസിസ് എന്നൊരു രോഗം ഇല്ല എന്നു പറയാന്‍ വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ക്കും ധൈര്യമുണ്ടായില്ല.

പക്ഷെ രോഗമില്ലാതെ മരുന്ന് കൊണ്ടു വരികയല്ലേ കുടുതല്‍ മെച്ചം ?
ഇത് അമേരിക്കയിലല്ല. നമ്മുടെ ഇന്ത്യയില്‍ത്തന്നെ സംഭവിച്ചതാണ്.

ചായ.

ബ്രൂക്ക് ബോണ്ടു കമ്പനി ജനിച്ചത് 1869 ലാണ്. 007 ജെയിംസ് ബോണ്ട് ബ്രിട്ടീഷുകാരന്റെ ദൈവമാകുന്നതിനുമുമ്പു തന്നെ ആര്‍തര്‍ ബ്രൂക്ക് തന്റെ പേരിലെ ബ്രൂക്കിനോടൊപ്പം ബോണ്ട് എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേര് ചേര്‍ത്തു മാഞ്ചസ്റ്ററില്‍ ചായക്കട തുടങ്ങി. അത് പിന്നെ കമ്പനിയായി. വളര്‍ന്നു. കടല്‍ കടന്നു. ഇന്ത്യയിലായിരുന്നു കമ്പനിയുടെ തോട്ടങ്ങള്‍. ചായച്ചെടിയല്ലേ, കുറെയേറെ ഇല നിലവാരം കുറഞ്ഞതാകും. അവ ഇംഗ്ലണ്ടില്‍ ചിലവാകില്ല. ഇവിടെത്തന്നെ വില്‍ക്കണം.

പക്ഷെ ഒരു പ്രശ്‌നം. ഇവിടുത്തുകാര്‍ ചായ കുടിക്കില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിക്കും. സമ്പന്നര്‍ പാലു കുടിക്കും. ശര്‍ബത്ത് കുടിക്കും. പാവപ്പെട്ടവര്‍ വെള്ളം കുടിക്കും. കഞ്ഞിവെള്ളം കുടിക്കും. കൂടി വന്നാല്‍ സംഭാരം കുടിക്കും.

ഇന്ത്യക്കാര്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെയും മദ്ധ്യേന്ത്യയിലെയും ഗ്രാമീണര്‍ ചായ കണ്ടിട്ടില്ലായിരുന്നു. കേട്ടിട്ടുപോലുമില്ലായിരുന്നു.

ആര്‍തര്‍ ബ്രൂക്കിന്റെ പിന്‍ഗാമികള്‍ പുതിയ ഐഡിയാ കൊണ്ടുവന്നു.
ചായ.
രോഗത്തിന് മരുന്ന്.
മ്യതസഞ്ജീവനി.
ഞരമ്പുകള്‍ക്ക് അത്യാവശ്യം.

1940കളില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉറച്ച ഭിത്തിയുള്ള കെട്ടിടങ്ങള്‍ ഗ്രാമത്തലവന്റെ വീട്ടിലും സ്ഥലത്തെ അമ്പലത്തിലും മാത്രമേ ഉണ്ടാകാറുള്ളു.

രണ്ടു വര്‍ഷം. മാസ് ക്യാമ്പയിന്‍.
ഗ്രാമത്തലവനും അമ്പലത്തിനും ഡൊണേഷന്‍.
എഴുപതു ശതമാനത്തിലേറെ ഗ്രാമങ്ങളിലെ അമ്പലച്ചുവരുകള്‍ വര്‍ണ്ണാഭമായി. കൂറ്റന്‍ ചിത്രം.
ഒരു കൈയില്‍ മ്യതസഞ്ജീവനിച്ചെടി വളരുന്ന മല മുഴുവന്‍ പൊക്കി ലങ്കയിലേക്ക് പറക്കുന്ന ഹനുമാന്റെ പുഞ്ചിരിക്കുന്ന മുഖം. ഉര്‍ത്തിയ കൈയില്‍ പച്ചക്കാടുകളുള്ള മല. മറുകൈയില്‍ ബ്രൂക്ക് ബോണ്ടിന്റെ ചുമന്ന പായ്ക്കറ്റ്.

ജനം അമ്പലത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബജരംഗ് ബലി രാമഭക്ത ഹനുമാനെ തൊഴുതു.

പത്തു വര്‍ഷത്തിനകം ഒരു ജനത മുഴുവന്‍ ചായ കുടിക്കാരായി.

ഏറ്റവും പുതിയ ഐ ഐ എം സ്റ്റഡി പ്രകാരം ഓരോ ഇന്ത്യക്കാരനും ഇന്നത്തെ തോതില്‍ നിന്ന് അര കപ്പു ചായ കൂടി ദിവസവും കുടിച്ചാല്‍ മതി. നാം ലോകത്തിലെ ഒന്നാം നമ്പറാകും.

ഉത്പന്നത്തിന്റെ മൂല്യം അതിന്റെ ആകര്‍ഷണീയതയല്ല, അംഗീകാര സാദ്ധ്യതയാണ് എന്നതല്ലേ, ബഫറ്റും സൂചിപ്പിച്ചത്.
ലിസ്റ്റരിനും ബ്രൂക്ക് ബോണ്ടും ആ ഗണത്തില്‍ പെടുന്നു എന്നതല്ലേ സത്യം ?

Tags: K.L. Mohanavarma, Mohadhaneeyam

No comments: