Friday, November 26, 2010

മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




എന്റര്‍പ്രനര്‍ഷിപ്പും സാമ്പത്തികവും



Posted on: 19 Oct 2010





വര്‍മ്മാജി, ഒരു ഇക്കണോമിക് ആക്ടിവിറ്റിയില്‍ എന്താണ് പ്രധാനം ? ഓഹരിയെക്കുറിച്ചും മറ്റും നോവലെഴുതിയ ആളല്ലേ, പറയൂ.



നാല്പതുകാരന്‍ സുഹ്യത്താണ്. ഭാര്യയും കുട്ടിയും. കുറെ നാളുകള്‍ക്കു ശേഷം കാണുകയാണ്. സുഹ്യത്ത് പല ബിസിനസ്സുകളും ചെയ്തിരുന്നതായി കേട്ടിരുന്നു. ഇപ്പോള്‍ പുതിയ ബിസിനസ്സാണ്.



സാഹിത്യബിസിനസ്.



എനിക്കു തമാശയാണ് തോന്നിയത്. പറഞ്ഞു.

ക്യാപ്പിറ്റല്‍, ലേബര്‍, റാ മെറ്റീരിയല്‍സ്, കണ്‍സ്യൂമര്‍. അവസാനം പ്രോഫിറ്റും. ഇങ്ങനെയൊക്കെയാണ് കോളേജില്‍ പഠിച്ചത്. പക്ഷെ ഇപ്പോള്‍ തോന്നുന്നു. അതൊന്നുമല്ല. ഇന്ന് പ്രധാനം ബ്രാന്‍ഡ് അംബാസഡര്‍ ആണെന്ന്.

സ്വര്‍ണ്ണത്തിനും സില്‍ക്കുസാരിക്കും ആഡംബരഭവനത്തിനും ചിട്ടിക്കും ബാങ്കിനും സെല്‍ഫോണിനും എന്നു വേണ്ട ഒരു മാതിരി നമുക്കു മോഹം നല്‍കാവുന്ന എന്തിനും ബ്രാന്‍ഡ് അംബാസഡറുണ്ട് ഇന്ന്. മോഹിപ്പിക്കുക എന്നതാണ് നമ്പര്‍ വണ്‍ ഇക്കണോമിക്ക് ആയുധം. മനസ്സുകളില്‍ ഇടം സ്യഷ്ടിക്കാന്‍ പരസ്യത്തിലൂടെ അത്യാകര്‍ഷകമായ ഉപദേശം നല്‍കുക. ഭ്രമിപ്പിക്കുക.



നാം കുറെക്കാലം മുമ്പു വരെ പരസ്യത്തിന് എപ്പോഴും എന്തിനും ഗാന്ധിജിയുടെ പേരായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്.

ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ യാത്ര ചെയ്യരുത് - മഹാത്മാ ഗാന്ധി.

മദ്യം കഴിക്കരുത് - മഹാത്മാഗാന്ധി.

വക്കീലന്മാര്‍ കള്ളം പറയരുത് - മഹാത്മാഗാന്ധി.

പൊതുവഴികളില്‍ മാലിന്യം നിക്ഷേപിക്കരുത് - മഹാത്മാഗാന്ധി.

ഗാന്ധിജി പറഞ്ഞിട്ടില്ലെങ്കില്‍ പോലും മഹാത്മാവിന്റെ വചനം നാം ധൈര്യമായി ഉപയോഗിച്ചിരുന്നു.



ഇന്ന് ഗാന്ധിജിയെ വിട്ടു. ഗാന്ധിജി ചെയ്യരുതാത്തത് എന്താണെന്നാണ് പറഞ്ഞിരുന്നത്. ഇന്ന് ചെയ്യുന്നത് എന്തായിരിക്കണമെന്ന് പറയേണ്ട കാലമാണ്. ഇന്ത്യയുടെ ഇക്കണോമിക്ക് ശൈലി മാറിയതാണ് കാരണം. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുക. ആഡംബരം ഉപേക്ഷിക്കുക. ഏറ്റവും പരിമിതമായ റോട്ടി, കപ്ഡാ മകാന്‍ മാത്രം മതി തനിക്കെന്ന് വിശ്വസിക്കുക. ഈ വിധം സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ഭാരതീയ സംസ്‌ക്യതിയുടെ അന്തസ്സത്ത ഗ്ലോബലൈസേഷനും ടെക്‌നോളജിയും മാര്‍ക്കറ്റിങ് തന്ത്രങ്ങളും കൂടി ശരിക്കും ഇല്ലാതാക്കി. ഇക്കോണമിയുടെ വികസനത്തിന് പ്രോഡക്ടുകളിലും സേവനങ്ങളിലും കൂടുതല്‍ ഉത്പാദനം വേണം. പുതിയ പുതിയ ഉത്പന്നങ്ങളും സൗകര്യങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കണം. ഉള്ളവയുടെ ഉപയോഗം വ്യാപകമാകണം. ജി.ഡി.പി വര്‍ധിക്കണം. ശരാശരി ആളോഹരി വരുമാനം വര്‍ദ്ധിക്കണം.



അതിന് മഹാത്മാഗാന്ധിയെ കൂട്ടു പിടിച്ചാല്‍ ശരിയാകില്ല.

അതിന് നല്ലത് സിനിമാ ക്രിക്കറ്റ് താരങ്ങളാണ്.

മദ്യത്തിന്റെ പരസ്യത്തിന് നിയമവിലക്കുണ്ടെങ്കില്‍ ഒപ്പം ഗ്ലാസിലൊഴിക്കേണ്ട മദ്യത്തിന്റെ ബ്രാന്‍ഡ് നെയിമുള്ള സോഡയുടെ ബ്രാന്‍ഡ് അംബാസഡറാകാം. ഒരു കുഴപ്പവുമില്ല. വ്യഭിചാരത്തിന്റെ പരസ്യത്തിന് നിയമവിലക്കുണ്ടെങ്കില്‍ തായ്‌ലന്‍ഡിലെ ഫൂക്കട് മാസേജിന്റെ ആയുര്‍വേദഗുണങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകാം. കള്ളം പറയാന്‍ പഠിപ്പിക്കുന്ന വിദേശ സര്‍വകലാശാലകളുടെ പോലും ബ്രാന്‍ഡ് അംബാസഡറാകാം.



സുഹ്യത്ത് പറഞ്ഞു.

ശരിയല്ല.

പിന്നെ ?

മൂലധനവും തൊഴിലാളിയും അസംസ്‌കൃതസാധനങ്ങളും വിപണനവും ബ്രാന്‍ഡ് അംബാസഡറും ഒക്കെ ഓ കെ യാണ്. പക്ഷെ അതൊക്കെ പഴയ ആശയങ്ങളാണ്. അടിസ്ഥാനപരമായ ഇക്കണോമിക്ക് ആക്ടിവിറ്റി ഒന്നേയുള്ളു.



എന്താ ?

എന്റര്‍പ്രനര്‍ഷിപ്പ്. അതിന് പച്ച മലയാളം വാക്കില്ല.



നമുക്കു പരിചയമുള്ള ഫീല്‍ഡ് അല്ലാത്തതു കാരണമായിരിക്കും ഭാഷയില്‍ വാക്കില്ലാത്തത്. ബ്രാന്‍ഡ് അംബസഡറെ നാം മലയാളവാക്കാക്കിയതുപോലെ....



സുഹ്യത്ത് പറഞ്ഞു.

അതെയതെ.



പുസ്തകങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ഒരു സിനിമാതാരമോ ക്രിക്കറ്റ് താരമോ വന്നാല്‍ എങ്ങനെയിരിക്കും ?



എന്റെ സാഹിത്യ ബിസിനസ്സിന് ബ്രാന്‍ഡ് അംബാസിഡര്‍ വേണ്ട.



എനിക്ക് ഇത് പുതിയ അറിവായിരുന്നു.



ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഈ സാഹിത്യ എന്റര്‍പ്രനര്‍ഷിപ്പ് ബിസിനസ്സിന്റെ രഹസ്യം സുഹ്യത്ത് പറഞ്ഞു തന്നു.

കഥാനായകന്‍ അമേരിക്കയിലാണ്. കാര്യമായ ജോലിയൊന്നുമില്ല. പക്ഷെ അയാളുടെ ഭാര്യയ്ക്ക് നല്ല ജോലിയുണ്ട്. രണ്ടു കുട്ടികള്‍. സുഖ ജീവിതം. അല്പസ്വല്പം ഗ്യഹാതുരത്വവും ഒരു മാതിരി മലയാളമെഴുതാനുള്ള കഴിവുമുണ്ട്. ധാരാളം സമയം. ഇദ്ദേഹം ഒരു നോവലെഴുതി. ഏറെ കാലത്തെ പരിശ്രമമാണ്. രണ്ടു മൂന്നുപേരെ കാണിച്ചു. അവര്‍ മുഖത്തു നോക്കി പുകഴ്ത്തി. നായകന് അലപം ഗമ കൂടി. ഉടന്‍ പ്രസിദ്ധീകരിക്കണം. നാട്ടിലെ രണ്ടു മൂന്നു പ്രശസ്ത പ്രസാധകര്‍ക്ക് കോപ്പിയെടുത്ത് അയച്ചു. കുറെ നാള്‍ കാത്തിരുന്നു. ആരും മറുപടി അയച്ചില്ല. നാട്ടില്‍ വന്നപ്പോള്‍ നേരിട്ടന്വേഷിച്ചു. സാധനം കിട്ടിയതായി വിവരമില്ല. വാശി തോന്നി.

യാദ്യഛികമായാണ് സുഹ്യത്തിനെ കണ്ടു മുട്ടിയത്. പഴയ പരിചയം പുതുക്കി.



സുഹ്യത്തിന്റെ സാഹിത്യ എന്റര്‍പ്രണര്‍ഷിപ്പ് ഇവിടെയാണ് ആരംഭിച്ചത്.

മാറ്ററിന്റെ ഒറിജിനല്‍ കൈയെഴുത്തു കോപ്പി സുഹ്യത്ത് വാങ്ങി.

പുസ്തകം ഉടന്‍ അച്ചടിക്കണം. 150 പേജ്. കൈയിലെടുത്താല്‍ ഇതില്‍ എന്തോ ഉണ്ടെന്നു തോന്നണം. ആകര്‍ഷകമായ കവര്‍. പിന്‍കവറില്‍ രചയിതാവിന്റെ കളര്‍ ഫോട്ടോ. ബയോഡാറ്റാ. ജനിച്ച നാടിന്റെയും ഇപ്പോഴത്തെ നാടിന്റെയും ഭാര്യയുടെയും അകന്ന ബന്ധം പോലുമുള്ള സാംസ്‌ക്കാരിക സംഘടനകളുടെയും പേരുകള്‍. അകത്ത് കൂടുതല്‍ വിവരങ്ങള്‍. ഒരു അവതാരിക. നാലുപേരു കേട്ടാല്‍ തലകുലുക്കുന്ന സാഹിത്യ സാംസ്‌ക്കാരിക നായകനെക്കൊണ്ടെഴുതിക്കണം.



പുസ്തകം 1000 കോപ്പി അച്ചടിക്കാണ് ആദ്യ ക്വട്ടേഷന്‍. വെറും 30000 രൂപ. 700 ഡോളര്‍. അഡ്വാന്‍സ് 25000 രൂപ കിട്ടി. മാറ്റര്‍ സുഹ്യത്ത് സ്വന്തം ഭാര്യയെ ഏല്‍പ്പിച്ചു. ഭാര്യയോട് കഥ ഒന്നു പരുവപ്പെടുത്തി ഒരു മാതിരി ലൈനിലാക്കാന്‍ പറഞ്ഞു. അവള്‍ പണ്ടു കോളേജിലായിരുന്നപ്പോള്‍ കഥയും കവിതയും എഴുതിയിരുന്നത് ഉപകാരമായി.



ഒരു മാസം. ഒരു രാത്രി. അക്ഷമനായി കഥാനായകന്‍ രാത്രി, ഇവിടെ പകല്‍ വിളിക്കുന്നു. പ്രോഗ്രസ് പറഞ്ഞു. നോവല്‍ ഡിടിപി എടുത്ത് പ്രസ്സില്‍ പോകുന്നു. പക്ഷെ എഴുത്തുകാരന്റെ മൗലികാവകാശമായ പ്രസ് കോപ്പി തയാറാക്കുന്നതിനുമുമ്പുള്ള ഓ കെ യ്ക്ക് വേണ്ടി ഞാന്‍ സി ഡി അയക്കാം. ഒപ്പം വികാരവിക്ഷുബ്ധനായി പറഞ്ഞു. ഈ രചന താങ്കളുടെ അനുവാദമില്ലാതെ ഞാന്‍ മൂന്നു നാലു പ്രഗത്ഭരായ എഴുത്തുകാരെയും നിരൂപകരെയും കാട്ടി. ഇത്ര ഗംഭീരമായ ഒരു വര്‍ക്ക് ഒരു കന്നി എഴുത്തുകാരനില്‍ നിന്നും അപൂര്‍വമായേ മലയാളത്തിനു ലഭിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുള്ളു എന്നാണ് അവരുടെ അഭിപ്രായം. അഭിനന്ദനങ്ങള്‍. ഇതിന് അക്കാദമി അവാര്‍ഡു പോലും, മറ്റ് അസൂയാലുക്കള്‍ പാര വച്ചില്ലെങ്കില്‍, ലഭിക്കാം. അങ്ങനെ സംഭവിച്ചാല്‍ അതില്‍ അവര്‍ക്കു അദ്ഭുതമില്ലത്രെ. കഥാനായകന്‍ വികാര തരളിതനായി. ഇതെന്റെ ജീവരക്തം കൊണ്ട് രചിച്ച ക്യതിയാണ്. ഞാന്‍ എന്റെ കരള് പറിച്ച് നിങ്ങളെ ഏല്‍പ്പിക്കുകയാണ്. നമുക്കിനി ഇതിന് നന്നായി പബ്ലിസിറ്റി കൊടുത്ത് വേണ്ടതെല്ലാം ചെയ്യൂ. എന്റെ ഓ കെ യ്ക്ക് കാത്തു സമയം കളയേണ്ട. ഗോ എഹഡ്.



ഈ ഫോണ്‍ വിളി വരുമെന്ന് നേരത്തെ അറിയാമായിരുന്നതുകൊണ്ട് വേണ്ടതെല്ലാം ശരിയാക്കി വച്ചിരുന്നു. കോപ്പി 2000 ആക്കി ഉയര്‍ത്താം. കുറെക്കൂടി ഉഗ്രന്‍ അവതാരിക സംഘടിപ്പിക്കാം. കവര്‍ ബെസ്റ്റ് ആട്ടിസ്റ്റിനെക്കൊണ്ട് ഡിസൈന്‍ ചെയ്യിക്കാം. പൈസ പക്ഷെ ? നോ പ്രോബ്ലം. പിന്നെ നമുക്കൊരു പ്രകാശനം. മൂന്നാലു കലക്കന്‍ പ്രാസംഗികര്‍. ടി വി യില്‍ ലൈവായി. അതിനെല്ലാം കൂടി വളരെയൊന്നും ആകില്ല. തുക പറഞ്ഞില്ല. തല്‍ക്കാലം ഒരു 30 മതി. പിന്നെ പ്രകാശനത്തിന്റെ ചിലവല്ലേ ഉള്ളു.



നോവല്‍ രണ്ടു മാസത്തിനകം ഇറങ്ങി. പ്രകാശനസമ്മേളനം ഗംഭീരമായി നടത്തി. ചിലവ് ഒരു 25000ല്‍ ഒതുക്കി.

എല്ലാം കൂടി 85000 രൂപ കഥാനായകന് ചിലവായി.



സുഹ്യത്ത് പറഞ്ഞു.

നോവല്‍ 400 കോപ്പിയേ അടിച്ചുള്ളു. കടലാസിന് തീ പിടിച്ച വിലയേ. നമുക്ക് ആകെ 24000 സമ്മേളത്തിനുള്‍പ്പടെ ചിലവായി. പ്രോഫിറ്റ് വെറും 64000.



ഞാന്‍ ചോദിച്ചു.

കഥാനായകന്‍ ?

വെരി ഹാപ്പി. അവിടെ വിദേശത്ത് അറിയപ്പെടുന്ന സാഹിത്യകാരനായി. 400 കോപ്പിയില്‍ 350 അദ്ദേഹത്തിനു നല്‍കി. അദ്ദേഹം സ്വന്തം കൈയൊപ്പിട്ട് അവിടെ സുഹ്യത്തുക്കള്‍ക്കും സായിപ്പന്മാര്‍ക്കുപോലും ഓരോ കോപ്പി കൊടുത്തു. 10, 20, 50, 100 ഡോളര്‍ വരെ മിക്കവരും ദക്ഷിണപോലെ നല്‍കി. രൂപയില്‍ കണക്കാക്കിയാല്‍ കുറഞ്ഞത് രണ്ടു ലക്ഷം കിട്ടിക്കാണും. വീട്ടില്‍ ഭാര്യക്ക് ബഹുമാനം ഏറി. സമൂഹത്തില്‍ സ്ഥാനം ഉയര്‍ന്നു. എല്ലാവര്‍ക്കും ലാഭം.



നോവല്‍ ?

വര്‍മ്മാജി, ഈ വായന കുറഞ്ഞു വരുന്ന കാലത്ത് ആരും ഒരു പുതിയ പുസ്തകം കണ്ടില്ല എന്നു പറയുകില്ല. പിന്നെ ഈ പുസ്തകം വായിക്കാന്‍ ലഭിക്കാത്തതു മലയാളവായനക്കാര്‍ക്ക്, അങ്ങനെയൊരു കൂട്ടരുണ്ടെങ്കില്‍, ഒരിക്കലും നഷ്ടമാകില്ല എന്ന് ഈ നോവല്‍ മുഴുവന്‍ വായിച്ച എന്റെ ഭാര്യ ആണയിട്ടു പറഞ്ഞിട്ടുമുണ്ട്.

ഗ്രേറ്റ്.

വര്‍മ്മാജി, 10 നോവലും 2 കഥാസമാഹാരവുമായി. ബിസിനസ് തുടങ്ങിയിട്ട് ദാ, രണ്ടു കൊല്ലമാകുന്നതേയുള്ളു.



ഞാന്‍ സമ്മതിച്ചു.

എന്റര്‍പ്രനര്‍ഷിപ്പാണ് ശരിക്കും സാമ്പത്തികവികസനത്തിന്റെ കാതല്‍.

Tags: K.L.Mohanavarma, Mohadhaneeyam, Enterpreneurship, Business

No comments: