ഹോം » കമെന്ററി » മോഹധനീയം
എന്‍ജിന്‍ വേണ്ട, കപ്പല്‍ മതി
Posted on: 08 Aug 2010
നിങ്ങള്‍ക്ക് ഒരു മീന്‍പിടുത്തക്കപ്പല്‍ വേണോ, അതോ വള്ളത്തില്‍ പിടിപ്പിക്കാവുന്ന പതിനായിരം ഔട്ടര്‍ ബോര്‍ഡ് എന്‍ജിന്‍ വേണോ ?
രണ്ടും ഫ്രീയാണോ ?
അതെ. ഫ്രീ. ജപ്പാന്‍ നിര്‍മ്മിതം. ഏതു വേണം ?
മുപ്പത്തഞ്ചു വര്‍ഷം മുമ്പാണ്.
ജപ്പാന്‍ ഗവണ്‍മെന്റ് ഒരു യുണൈറ്റഡ് നേഷന്‍സ് കേന്ദ്രീക്യത ആഗോള പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് മീന്‍പിടുത്ത മേഖലയില്‍ സഹായം നല്‍കാന്‍ കരാറായി. രണ്ടു മീന്‍പിടുത്തക്കപ്പല്‍. ഇരുപതിനായിരം ഔട്ടര്‍ ബോര്‍ഡ് എന്‍ജിന്‍. എല്ലാം ഫ്രീ.
ആഫ്ടര്‍ സെയില്‍സ് സര്‍വീസും കുറെപ്പേര്‍ക്ക് ജപ്പാനില്‍ ട്രെയിനിങ്ങും ഫ്രിംജീസ്.
രണ്ടാം ലോകമഹായുദ്ധവും ഹിരോഷിമയും നാഗസാക്കിയും ജപ്പാന് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു ഹതഭാഗ്യനായ മിടുമിടുക്കന്റെ ഇമേജ് നല്‍കി. ഒരു പുതിയ കൊളോണിയല്‍ ചായം. ഇന്ത്യയും തെക്കനേഷ്യയിലെ രാജ്യങ്ങളും യൂറോപ്യന്‍ ശക്തികളില്‍നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരെ കാത്തിരുന്നത് ഭീമമായ പട്ടാളച്ചിലവുകളാണ്. ഇന്ത്യയുടെ കാര്യം. പാകിസ്താനും ചൈനയും വാളോങ്ങി അതിര്‍ത്തിയില്‍ നില്‍ക്കുന്നു. ഒപ്പം കാശ്മീരും. സ്വാഭാവികമായും ഇന്ത്യയുടെ വികസന മൂലധന നിക്ഷേപത്തിന് ലഭ്യമാകേണ്ട ധനത്തില്‍ ഒട്ടു മുക്കാലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. അതുപോലെയായിരുന്നു മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും തലയിലെഴുത്ത്. പക്ഷെ ജപ്പാന് ഈ പ്രശ്‌നം ഉണ്ടായില്ല. അവിടെ സുരക്ഷ അമേരിക്കന്‍ പട്ടാളം ഏറ്റെടുത്തിരുന്നു. ജപ്പാന് തോക്കു കൊടുക്കാന്‍ അമേരിക്കയ്ക്കു പേടിയായിരുന്നു. പകരം ശാസ്ത്രം കണ്ടു പിടിച്ചുകൊണ്ടിരുന്ന പുതിയ സാങ്കേതിക വിജ്ഞാനം പ്രായോഗികതലത്തില്‍ കൊണ്ടുവരാനുള്ള ഉപകരണങ്ങളും സാവകാശവും ജപ്പാന്‍കാരന് കിട്ടി.
ജപ്പാന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ഉത്പാദന മികവുള്ള
രാഷ്ട്രമായി. ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ നവം നവങ്ങളായ രീതികള്‍ പരീക്ഷിച്ചു.
മത്സ്യബന്ധന മേഖലയില്‍ ജപ്പാന്‍ ദ്വീപസമൂഹത്തിന് ഭൂമിശാസ്ത്രം തന്നെ അനുകൂലമായിരുന്നു.
ഇന്ത്യയിലായിരുന്നു ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണ ഡോക്ക് യാര്‍ഡ്. 4500 വര്‍ഷം മുമ്പ് അന്നത്തെ സബര്‍മതി നദിയുടെ തീരത്ത്
ലോത്താള്‍ എന്ന ഹാരപ്പന്‍ നഗരത്തില്‍. ചരക്കു കപ്പലുകളും
മീന്‍പിടുത്തക്കപ്പലുകളും നിര്‍മ്മിക്കുമായിരുന്നത്രെ.
അത് ചരിത്രം. പക്ഷെ ഇപ്പോള്‍ നമുക്ക് ഓഫര്‍ വരുന്നത് ജപ്പാനില്‍ നിന്നാണ്. ഫ്രീയായി.
ഇത്തരം സഹായങ്ങളില്‍ ഇന്‍ഷുറന്‍സ് പോളിസിയിലെയും കമ്പനി പ്രോസ്പക്ടസ്സുകളിലെയും ഭൂതക്കണ്ണാടി വച്ചാല്‍ പോലും കാണാന്‍ പറ്റാത്ത ചെറിയ ഫോര്‍ പോയന്റ് അക്ഷരങ്ങളെപ്പോലെ ചില നിബന്ധനകള്‍ കാണും.
റിപ്പയറിന് സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ നല്‍കും എന്നല്ലാതെ അവ ഫ്രീയാണെന്ന വാക്കേ കാണുകില്ല. അവയുടെ വില സ്വാഭാവികമായും നെഗോഷ്യബിള്‍ അല്ല. കഴുത്തറുപ്പന്‍ ആയിരിക്കും എന്നു തീര്‍ച്ച.
ജപ്പാന്‍ നല്‍കുന്ന സഹായം നാം കൈപ്പറ്റിയേ തീരൂ. ഫോര്‍ പോയന്റ് അക്ഷരങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രസക്തമല്ല. നമുക്ക് ജപ്പാനെ വേണം.
സഹായം നന്ദിയോടെ നാം സ്വീകരിക്കുന്നു.
നാലു തീരദേശ സംസ്ഥാനങ്ങള്‍ക്ക് ഈ സഹായം വീതിച്ചു കൊടുക്കാന്‍ തീര്‍ച്ചയാകുന്നു.
രണ്ടു പേര്‍ക്ക് ഓരോ കപ്പല്‍. രണ്ടു പേര്‍ക്ക് പതിനായിരം എന്‍ജിന്‍ വീതം.
നിങ്ങള്‍ ഇതില്‍ ഏതെടുക്കും?
ഉത്തരം എളുപ്പമാണ്. പതിനായിരം എന്‍ജിന്‍. സംശയമില്ല. പതിനായിരം വള്ളങ്ങളില്‍ എന്‍ജിന്‍ എന്നാല്‍ കുറഞ്ഞത് അമ്പതിനായിരം മുക്കുവകുടുംബങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന വികസനഫലമാണ്. അവരുടെ സാമ്പത്തികസ്ഥിതിയില്‍ വരാവുന്ന മാറ്റം അവരുടെ ഗ്രാമങ്ങളില്‍ മുഴുവന്‍ പ്രതിഫലിക്കും. നാടിന് പൊതുവെ മെച്ചം.
പക്ഷെ ബുദ്ധിയുള്ള ഒരു രാഷ്ട്രീയനേത്യത്വവും ആ ഉത്തരം നല്‍കുകയില്ല.
ഞങ്ങള്‍ക്ക് കപ്പല്‍ മതി.
കാരണം വളരെ ലളിതമാണ്.
രാഷ്ട്രീയ തീരുമാനങ്ങളുടെ അന്തിമമായ ലക്ഷ്യം ദീര്‍ഘകാലവീക്ഷണത്തോടുകൂടിയ ജനനന്മയാണ്. പക്ഷെ അങ്ങിനെ എടുക്കുന്ന തീരുമാനം ജനങ്ങള്‍ക്കു മനസ്സിലാകണം. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം അതോര്‍ത്തിരിക്കണം. ഇല്ലെങ്കില്‍ ഭരിക്കാന്‍ വേറെ ആളു വരും. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്ന ഒരു രാഷ്ട്രീയനേത്യത്വവും ഈ അന്തിമമായ ലക്ഷ്യത്തിനുവേണ്ടി കാത്തിരിക്കുകയില്ല.
ഇമേജ്.
കപ്പല്‍ നേരിട്ട് നമുക്കു കാണാവുന്ന സംഭവമാണ്. ആഘോഷത്തോടെ കപ്പലിനെ വരവേല്‍ക്കാം. ഉദ്ഘാടനം ഗംഭീര ഉത്സവം ആക്കാം. വലിയ ചടങ്ങ്. തടിയന്‍ മാലകള്‍. പൂജ. തേങ്ങയടി. അനവധി നേതാക്കന്മാര്‍ക്ക് ഒന്നിച്ച് വേദിയിലെത്താം. ഉഗ്രന്‍ മീഡിയാ കവറേജ്. നാടിന്റെ
വികസനത്തില്‍ തങ്ങളുടെ റോളുകളെക്കുറിച്ച് ജനത്തിന് നേരിട്ട്
ബോദ്ധ്യമാകും. വേണമെങ്കില്‍ രണ്ടോ മൂന്നോ ചെറിയ തുറമുഖങ്ങളില്‍ ആഘോഷം ആവര്‍ത്തിക്കാം. ഒരുക്കങ്ങള്‍ക്കായി ജപ്പാന്‍ സന്ദര്‍ശനം. ഉദ്യോഗസ്ഥര്‍ക്കും പങ്കു കൊടുക്കാം.
കപ്പല്‍ കടലിലിറങ്ങിയാല്‍ പിന്നെ ഇത്തരം കേസുകളില്‍ ആരും ഒന്നും അന്വേഷിക്കാറില്ല.
കപ്പല്‍ എത്ര നാള്‍ കടലില്‍ പോയി? മത്സ്യബന്ധനരംഗത്ത് വല്ല മാറ്റവും വരുത്താന്‍ നേത്യത്വം കൊടുത്തോ ? എത്ര കുടുംബങ്ങള്‍ക്ക് ഗുണം ഉണ്ടായി? ആരും അന്വേഷിക്കുകയില്ല. സ്‌പെയര്‍പാര്‍ട്ട്‌സ് മേടിക്കാതെ കപ്പല്‍ വാര്‍ഫില്‍ സ്ഥിരമായി കെട്ടിയിട്ടാല്‍ ആഡിറ്റര്‍ ജനറല്‍ പോലും മൈന്‍ഡു ചെയ്യുകയില്ല. കപ്പല്‍ വാങ്ങാനുള്ള നമ്മുടെ ചിലവ് പൂജ്യം. അതിനാല്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തികനഷ്ടവുമുണ്ടായിട്ടില്ല.
മറിച്ച് ഔട്ടര്‍ ബോര്‍ഡ് എന്‍ജിനുകളാണെങ്കിലോ ?
പതിനായിരം തികച്ചും വ്യത്യസ്തരായ മുക്കുവകുടുംബങ്ങളിലോ ഛോട്ടാ ലവലില്‍ സ്വാധീനമുള്ള രാഷ്ട്രീയപ്രവര്‍ത്തകരുടെയോ കൈകളിലാണ് ഇവ ചെന്നെത്തുന്നത്. ഉപയോഗിക്കുന്നവരുടെ പരിചയക്കുറവ്. മൈന്‍ഡ് സെറ്റിന്റെ എതിര്‍പ്പ്. മുമ്പും സംഭവിക്കാറുണ്ടായിരുന്ന ചെറിയ അപകടങ്ങള്‍ക്ക് ഈ പുതിയ യന്ത്രത്തിനെ പഴിയാക്കുന്ന രീതി. ഇതെല്ലാം സ്വാഭാവികമായും സംഭവിക്കും. പതിനായിരം എന്‍ജിനുകളില്‍ നൂറെണ്ണമെങ്കിലും ആദ്യമാസം തന്നെ കേടാകും. ലോക്കല്‍ റിപ്പയര്‍സ് ശരിയായില്ല. വാര്‍ത്ത മെല്ലെ മെല്ലെ പുറത്തു വരും. അഴിമതി. ഉദ്യോഗസ്ഥദുഷ്പ്രഭുത്വം. ഭരണയന്ത്രത്തിന്റെ കഴിവില്ലായ്മ. ആരോപണങ്ങള്‍ പിടിച്ചു നിര്‍ത്താനാകില്ല. കടലോരഗ്രാമങ്ങളിലെല്ലാം എന്‍ജിനുകള്‍ എത്തിയിട്ടുണ്ട്. ഇവിടെ കുഴപ്പമില്ലെങ്കിലും അടുത്ത ഗ്രാമത്തിലെ എന്‍ജിന്‍ കേടായാല്‍ മതി. ഇവിടെയും അത് പാട്ടാകും.
ഓരോ അഭിപ്രായവും പത്തു വോട്ടാണ്.
ഈ എന്‍ജിനുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെങ്കിലും ആരും അതിനെ അംഗീകരിക്കുകയില്ല. അമ്പതിനായിരം കുടുംബങ്ങളിലെ മാത്രമല്ല, ഈ വാര്‍ത്ത കേള്‍ക്കുന്നവരുടെയും വോട്ടുകളില്‍ ഒരു വലിയ ശതമാനം ഒരു സംശയവുമില്ല. മറിയും.
അപ്പോള്‍ കടിക്കുന്ന പട്ടിയെ അറിഞ്ഞുകൊണ്ട് സ്വന്തമാക്കണോ ?
നമുക്ക് എന്‍ജിന്‍ വേണ്ട. കപ്പല്‍ മതി.
നമ്മുടെ ജനനേത്യത്വം എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഇതല്ലേ ?
Tags: K.L.Mohanavarma, Mohadhaneeyam, Outer Board Engine, Fishing Vessels

No comments:
Post a Comment