ഗ്ലോബല്‍ റിസഷന്‍-ചോംസ്‌ക്കിയും രാജീവനും
Posted on: 13 Feb 2010
രാജീവന്‍ എന്നെക്കണ്ടപ്പോള്‍ ഒന്നു ചമ്മി. എറണാകുളത്ത് ശിവക്ഷേത്രത്തിന് കിഴക്കേനടയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെയുള്ള പതിവ് നടപ്പ് നാലു റൗണ്ടു പൂര്‍ത്തിയാക്കി ഞാന്‍ മടങ്ങുകയായിരുന്നു. ഗേറ്റില്‍ നിന്നു മാറി പൂക്കടകളുടെ മറവില്‍ ഒരു ലോട്ടറി വില്‍പ്പനക്കാരന്‍. അടുത്ത് പൂച്ച പാലു കുടിക്കുന്ന മട്ടില്‍ ഒരു ചെറുപ്പക്കാരന്‍ മുഖം കുനിച്ചു നിന്ന് ടിക്കറ്റു വാങ്ങുന്നു. പരിചിതമുഖം. ഞാനടുത്തു ചെന്നു. പെട്ടെന്ന് വേണ്ടായിരുന്നു എന്നു തോന്നി. രാജീവനായിരുന്നു.
നിരോധും ലോട്ടറിടിക്കറ്റും വാങ്ങുന്നത് മറ്റാരും കാണുന്നത് ശരിയല്ല. രാജീവന്‍ പത്തിരുപത്തയ്യായിരം രൂപാ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്. ബുദ്ധിജീവിയും കലാകാരനും കൂടിയാണ്. സുന്ദരിയും മിടുക്കിയുമായ ഭാര്യ. ഒരു മകന്‍. അപ്പര്‍ കെ ജിയില്‍ പഠിക്കുന്നു. നഗരത്തിലെ ഭേദപ്പെട്ട ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. നഗരത്തില്‍ത്തന്നെ ചെറിയതെങ്കിലും നല്ല സൗകര്യമുള്ള വീട്. ടി വി, ഡിഷ് ആന്റിന, കുക്കിങ് റേഞ്ച്, കമ്പ്യൂട്ടര്‍ തുടങ്ങി എല്ലാമുണ്ട്. ചുരുക്കത്തില്‍ ഒരു സംത്യപ്ത കുടുംബം.
രാജീവന്റെ ചമ്മല്‍ മാറ്റാന്‍ ഒരു വഴിയേയുള്ളു. ഞാന്‍ ലോട്ടറി വില്‍പ്പനക്കാരനോട് പറഞ്ഞു.
ഒരു ടിക്കറ്റ്.
രാജീവന് സമാധാനമായി. ഒരു ഭാരം ഇറക്കി വയ്ക്കാന്‍ അത്താണി തേടുകയായിരുന്നു അയാള്‍ എന്ന് എനിക്കു തോന്നി.
രാജീവന്‍ പറഞ്ഞു. 'വരൂ. കാറുണ്ട്. ഐ വില്‍ ഡ്രോപ്പ് യു... '
രാജീവന്‍ കാറ് മേടിച്ച കാര്യം അറിഞ്ഞിരുന്നില്ല. കാറില്‍ കയറി ഇരുന്നപ്പോള്‍ പെട്ടെന്ന് രാജീവന്‍ പറഞ്ഞു.
ഐ വാണ്ട് യുവര്‍ അഡൈ്വസ്. സാറ് ഒരെഴുത്തുകാരനാണല്ലോ. ഞാനാകെ വറീഡാണ്. ഞാനെന്തു ചെയ്യണം?
എന്തു പറ്റി ?
രാജീവന്‍ കഥ പറഞ്ഞു.
പത്തു മാസം മുമ്പാണ്. ഒരു കാറ് വാങ്ങാന്‍ തീര്‍ച്ചപ്പെടുത്തി. അയലത്തൊക്കെ മിക്കവര്‍ക്കും കാറുണ്ട്. ഇക്കാലത്ത് കാറ് ഒരു ലക്ഷ്വറിയല്ല. വെറും സാധാരണ ആവശ്യം. ബസ്സിലും ട്രെയിനിലുമുള്ള തിരക്ക് ഓര്‍ക്കുമ്പോള്‍ ഭയമാണ്. സുഹ്യത്തുക്കളുടെ വീട്ടില്‍ ഒരു വിസിറ്റ്. കൂടുതല്‍ പര്‍ച്ചേസുള്ളപ്പോള്‍ ഷോപ്പിങ്. കല്യാണം കൂടാന്‍ പോകുമ്പോള്‍ ഒരു സൗകര്യം. സ്റ്റാറ്റസ് സിംബല്‍ എന്ന രീതിയിലല്ല. ആഫീസില്‍ തന്നെക്കാള്‍ ശമ്പളം കുറഞ്ഞവര്‍ക്കും കാറുണ്ട്. തങ്ങളുടെ പ്രായത്തിലുള്ള മിക്കവാറും എല്ലാ സ്‌നേഹിതര്‍ക്കും കാറുണ്ട്. Car is now a necessity.
ഭാര്യയും ഭര്‍ത്താവും കൂടി വളരെയേറെ ബജറ്റ് കണക്കുകൂട്ടല്‍
നടത്തി. വരവു ചിലവു കണക്ക് ക്യത്യമായി എഴുതി കൂട്ടി, കുറച്ചു. ഗുണിച്ചു. ഹരിച്ചു. ഇന്ന് എല്ലാ കട്ടിംഗ്‌സും കഴിഞ്ഞ് ഇരുപത്തിരണ്ടു രൂപയില്‍ മേലെ കിട്ടുന്നുണ്ട്. അഞ്ച് ലക്ഷം റേജില്‍ പലതരം കാറ് കിട്ടും. ചെറിയ കാറ് മതി. നാഷണല്‍ ഹൈവേയുടെ ഇരുവശവും ലോകത്തിലെ മിക്കവാറും എല്ലാത്തരം കാറുകളുടെയും ഷോറൂമുകള്‍ ഉണ്ട്. ബ്രോഷറുകളും സ്‌ക്കീമുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും. ഒരാഴ്ച. ഭാര്യയും ഭര്‍ത്താവും മകനും കാര്‍ സെലക്ഷന്റെ രോമാഞ്ചഭരിത ലോകത്തിലായിരുന്നു. അവസാനം കാറ് തെരഞ്ഞെടുത്തു. ആദ്യത്തെ ഇന്‍സ്റ്റാള്‍മെന്റ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നെടുക്കാം. കാറ് കമ്പനി തന്നെ ബാക്കി ഫൈനാന്‍സ് ശരിയാക്കും. മാസം അയ്യായിരം രൂപയ്ക്കടുത്ത് അടച്ചാല്‍ മതി. വലിയ വിഷമമില്ലാതെ മാനേജ് ചെയ്യാം. അടുത്തു തന്നെ പ്രമോഷന്‍ ഉണ്ടാകും. ഒരു ഫൈവിന്റെ ജംപ്.
കാറ് വാങ്ങി. അഞ്ചര ലക്ഷം.
വളരെ പ്രായോഗികമായ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കാലത്തിനനുയോജ്യമായ തികച്ചും അഫോര്‍ഡബിള്‍ ആയ ഒരു ഇക്കണോമിക് ആക്ടിവിറ്റിയാണ് നടന്നത്.
കാറ് ഡിസ്ട്രിബ്യൂട്ടര്‍ക്കും കാറ് നിര്‍മ്മാണക്കമ്പനിക്കും ഫൈനാന്‍സ് കമ്പനിക്കും ഇന്‍ഷുറന്‍സ് കമ്പനിക്കും ബാങ്കിനും പെട്രോളിയം കമ്പനിക്കും സര്‍ക്കാരിനും കാറുമായി ബന്ധപ്പെട്ട നൂറിലേറെ അനുബന്ധ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ലാഭകരമായ പ്രവൃത്തി. രാജ്യത്തിന്റെ പുരോഗതിയില്‍ ചെറിയതെങ്കിലും നിര്‍ണ്ണായകമായ മുതല്‍ക്കൂട്ട്.
കാറ് വാങ്ങാന്‍ ഷോറൂമില്‍ ചെന്നപ്പോള്‍ ചെറിയ ഭേദഗതികള്‍ വന്നു. നിറം, എ സി, ഓഡിയോ സിസ്റ്റം, സീറ്റ്. മോഡല്‍ ഏറ്റവും പുതിയതാക്കി. വില അല്പം കൂടി. സാരമില്ല. നാനൂറു രൂപയേ മാസം കൂടൂ. ബജറ്റിനെ കാര്യമായി ബാധിക്കുകയില്ല.
വീട്ടിലേക്കു വരുന്ന വഴിക്കേ മൂവരും കൂടി തീര്‍ച്ചപ്പെടുത്തി. കാറ് അത്യാവശ്യത്തിനേ എടുക്കാവൂ. പെട്രോളിന്റെ വില? പെട്രോള്‍ കാറാണ്. ഡീസലിന്റേത് ആയിരുന്നെങ്കില്‍ ലാഭമായിരുന്നു. ഏതായാലും രണ്ടുപേരും ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ചത് നന്നായി. പതിനായിരം രൂപയോളം പഠിക്കാനും പെട്ടെന്ന് ലൈസന്‍സ് ശരിയാക്കാനും കൂടി ചിലവായെങ്കിലും കാറ് ഓടിക്കാന്‍ ഡ്രൈവറെ വച്ചാലുള്ള സ്ഥിതി. അതിന്റെ ചിലവ് ഓര്‍ക്കുമ്പോള്‍ ലാഭമാണ്.
കാറ് വന്ന് രണ്ടാം ദിവസം. മകന് സ്‌ക്കൂളിലേക്കു പോകുന്ന ബസ് ഏഴ് ഇരുപതിനു വരും. പയ്യന്‍ ക്യത്യമായി റെഡിയാകാറുണ്ട്. ഇന്ന് അവന്റെ ഒരു സോക്‌സ് കാണുന്നില്ല. ബസ് പോയിക്കഴിഞ്ഞാണ് സോക്‌സ് കിട്ടിയത്. കാറുണ്ടല്ലോ. ഒരു പ്രാവശ്യമല്ലേ. സാരമില്ല. പയ്യന് സന്തോഷമായി.
വൈകിട്ട് ബസ്സില്‍ത്തന്നെ പതിവുപോലെ തിരിച്ചെത്തിയ മകന്‍ തീര്‍ത്തു പറഞ്ഞു.
അമ്മേ, ഇനി എന്നും ഞാന്‍ നമ്മുടെ കാറിലേ സ്‌ക്കൂളില്‍ പോകൂ.
അമ്മയുടെ മുഖഭാവം മാറുന്നതു കണ്ട് പെട്ടെന്ന് ഭേദഗതി വരുത്തി.
എന്നുമില്ല. വീക് ലി ത്രൈസ്. എന്റെ ഡിയര്‍ അമ്മയല്ലേ!
കാറ് വന്നപ്പോള്‍ വിസിറ്റുകള്‍ കൂടി. ക്ഷേത്രദര്‍ശനം കൂടി. അല്പം ദൂരെയുള്ള മാര്‍ക്കറ്റില്‍ രാവിലെ പോയാല്‍ നല്ല മീന്‍ കിട്ടും. ഫ്രെഷ് വെജിറ്റബിളും. ഈ ഫ്രെഷ് സാധനങ്ങളുടെ സ്വാദ് റിയലി ഒന്ന് വേറെ തന്നെയാണ്. നാട്ടില്‍ ഇരുവരുടെയും വീടുകളില്‍ അവധി ദിവസങ്ങളില്‍ പോകാന്‍ തുടങ്ങി. ആക്ച്വലി, ലാഭമാണ്. തിരികെ വരുമ്പോള്‍ തേങ്ങയും മാങ്ങയും ചക്കയും കൊണ്ടു വരാം. ഇവിടെ അയല്‍ക്കാര്‍ക്ക് ചക്ക കൊടുക്കാം. ഇടയ്‌ക്കൊരു ട്രിപ്പ്. മൂന്നാര്‍. താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ടൈപ്പ് റിസോര്‍ട്ട്. ത്രീ നൈറ്റ്‌സ്. ബ്രേക്ക് ഫാസ്റ്റ് ഉള്‍പ്പടെ വെറും നയന്‍ തൗസന്‍ഡ് നയന്‍ ഹണ്‍ഡ്രഡ് ആന്‍ഡ് നയന്റി. അത് നോര്‍മല്‍ റേറ്റ്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ലക്കി ഡിപ്പില്‍ സമ്മാനം കിട്ടി. ഇരുപത് ശതമാനം ഡിസ്‌ക്കൗണ്ട്. ലാഭമാണ്.
പോയി. രസമായിരുന്നു. ഇനി കുമരകത്ത് പോകണം. ഒരു മൂകാംബിക യാത്ര നടത്തി. രാജീവന്റെ അഛനും അമ്മയും ഒപ്പം വന്നു. അടുത്ത ട്രിപ്പിന് ഭാര്യയുടെ അഛനെയും അമ്മയെയും കൂട്ടണം. ലോങ് ട്രിപ്പിന് കുറച്ചു കൂടി വലിയ കാറായിരുന്നെങ്കില്‍ ക്ഷീണം കുറഞ്ഞേനേ.
കാറു വാങ്ങുന്നതിനുമുമ്പ് തയാറാക്കിയ ബജറ്റില്‍ പെട്രോളിന് കണക്കാക്കിയിരുന്നത് മാസം ആയിരത്തി അഞ്ഞൂറു രൂപയാണ്. ആയിരത്തി അഞ്ഞൂറ് മാസത്തിന്റെ ആദ്യവാരത്തില്‍ തന്നെ മറികടന്നു. എന്തു വന്നാലും മറ്റു അത്യാവശ്യങ്ങള്‍ മാറ്റി വച്ചാലും കാറിന്റെ തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തില്ല എന്ന വാശി മൂന്നു മാസമേ പിടിച്ചു നിന്നുള്ളു. ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് രണ്ടു മാസം കൂടി തള്ളി നീക്കി. അവിടെ വീഴ്ച വന്നപ്പോള്‍ ബ്ലേഡല്ല, കത്തിയാണ് പലിശ.
കടം പത്തു മാസം കൊണ്ട് അറുപതിനായിരം കവിഞ്ഞു. കാറ് വിറ്റാലോ എന്നു പോലും ചിന്തിച്ചു. പക്ഷെ ഇനി വില്‍ക്കാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ ഉറക്കമില്ല.
ലോട്ടറി ടിക്കറ്റ് മേടിക്കുന്നത് സ്ഥിരം പതിവായി.
രാജീവന്റെ കഥ ലേമാന്‍ ബ്രദേഴ്‌സിന്റെയും കഥയാണ്. ലോകം കണ്ട ഏറ്റവും വലിയ പാപ്പര്‍ ഹര്‍ജി 2008 സപ്തംബറില്‍ അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയത് ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഭീകരമുഖം കാട്ടിയ മുപ്പതു ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലേമാന്‍ ബ്രദേഴ്‌സ് എന്ന കമ്പനിയാണ്. ഈ കഥ ഒരു കമ്പനിയുടെ മാത്രം കഥയല്ല. അമേരിക്കയുടെതു മാത്രവുമല്ല. ചൈനയുടേയുമാണ്. നമ്മുടേതുമാണ്. നമ്മളില്‍ ഓരോരുത്തരുടേതുമാണ്.
അമേരിക്കയുടെ സ്വന്തം ഇടതുപക്ഷ ബുദ്ധിജീവിയും ചിന്തകനുമായ നോം ചോംസ്‌കി പറഞ്ഞു.
ഇക്കണോമിക്‌സല്ല, ഇന്ന് ആഗോളവാണിജ്യവ്യവസായരംഗത്തെ ഭരിക്കുന്നത്. തികച്ചും സാമ്പത്തികബാഹ്യമായ, എക്‌സ്ട്രാ ഇക്കണോമിക്ക് ഫാക്‌ടേഴ്‌സ് ആയ സാമൂഹ്യമാനസികഘടകങ്ങളാണ് എന്ന്.
കമ്പനികളുടെയും നമ്മുടേതും എക്‌സ്ട്രാ ഇക്കണോമിക്ക് ഫാക്‌ടേഴ്‌സ്..
വാസ്തവത്തില്‍ സാമ്പത്തികമാന്ദ്യം തുടങ്ങിയതും നിലനില്‍ക്കുന്നതും നമ്മുടെ വീടുകള്‍ക്കുള്ളില്‍ തന്നെയല്ലേ ?
Tags: K.L.Mohanavarma
No comments:
Post a Comment