Friday, November 26, 2010

mohanavarma

മില്യണ്‍ പൗണ്ട് നോട്ടും നോട്ടു കെട്ടും



Posted on: 11 Nov 2010





കുറെ നാള്‍ മുമ്പാണ്. ഒരു റൊട്ടേറിയന്‍ സായാഹ്നം. സാധാരണയായി ആണ്ടിലൊരിക്കല്‍ ഒരു സാഹിത്യകാരനെ തങ്ങളുടെ എല്ലാ മാസവും നടത്തുന്ന കൂട്ടായ്മയില്‍ വിളിച്ച് ഇരുപതു മിനിട്ട് പഴയ വായനയുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന റൊട്ടേറിയന്‍ പതിവുണ്ടല്ലോ. അങ്ങിനെ അതിഥിയായി ചെന്നതാണ്. എന്റെ പ്രസംഗം ക്രിക്കറ്റ് എന്ന എന്റെ നോവലില്‍ തുടങ്ങി കൊച്ചി ഐ.പി.എല്ലും, സ്വെറ്റ് മണിയും, കോഴ വിവാദവും കടന്ന് നമ്മുടെ കള്ളപ്പണത്തിന്റെ രസകരമായ കണക്കുകളിലെത്തി. ഇന്ത്യയുടെ വിദേശ കടത്തിന്റെ 13 ഇരട്ടി പണം സ്വിസ് ബാങ്കുകളില്‍ത്തന്നെ നമ്മുടെ പൗരന്മാരുടെ രഹസ്യ അക്കൗണ്ടുകളില്‍ ഉണ്ടത്രെ. 70 ലക്ഷം കോടി രൂപാ. അതിന്റെ പലിശ മാത്രം കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികബജറ്റിനെ കവച്ചു വയ്ക്കും.



രാഷ്ട്രനേതാക്കളുടെ കോഴപ്പണവും മയക്കുമരുന്നു ബിസിനസ്സിലെ കള്ളപ്പണവും സ്വിസ് ബാങ്കുകള്‍ ഫിലിപ്പൈന്‍സിലെ മാര്‍ക്കോസ് എപ്പിസോഡിനു ശേഷം വാങ്ങുന്നത് നിര്‍ത്തിയതു കാരണം ഈ കണക്കില്‍ കുറെയേറെ ലക്ഷം കോടികള്‍ നമ്മുടേതു തന്നെ വന്നിട്ടില്ല. പക്ഷെ ഏതു തരം കള്ളപ്പണവും സൂക്ഷിക്കാന്‍ തയാറുള്ള ബാങ്കുകള്‍ ഇപ്പോള്‍ 69 രാജ്യങ്ങളില്‍ കൂടിയുണ്ട്. ആ ദ്വീപു രാഷ്ട്രങ്ങളില്‍ മിക്കവയുടെയും പേര് ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു പോലും അപരിചിതമാണ് താനും.



ഒപ്പം സ്വാഭാവികമായും സമൂഹം കൈക്കൂലിയും കോഴയും ഏതു ലവലിലും

മദ്യപാനം പോലെ ഒരു തെറ്റായി കണക്കാക്കാതെ അംഗീകരിക്കുന്നതിനെക്കറിച്ചും പറഞ്ഞു. പോലീസ് എക്‌സൈസ് മാസപ്പടികളും, കോടതി വാഹന വൈദ്യതി തുടങ്ങി നമുക്കു മുഖാമുഖം ഇടപെടേണ്ട എല്ലാ രംഗത്തിലും ഒരു മാതിരി അനിവാര്യമായി മാറിയ കൈക്കൂലിക്കണക്കുകളും നമ്മുടെ മൈന്‍ഡ്‌സെറ്റില്‍ ഇന്ന് കുറ്റമേയല്ല. ടി.വി. ക്ലോസപ്പുകളില്‍ നോട്ടു കൈമാറുന്ന ദ്യശ്യം നാം പുഞ്ചിരിയോടെ ഒരു സീരിയല്‍ക്കഥ പോലെ കാണുന്നു. തമാശയായിട്ടാണ് ഏറെ പ്രധാനമായ ഈ സത്യങ്ങള്‍ പറഞ്ഞത്.



മീറ്റിംഗ് കഴിഞ്ഞു. എന്നെ വീട്ടിലേക്കു കൊണ്ടു വിടാന്‍ വന്ന ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി. ഹാര്‍വാര്‍ഡ് എം.ബി.എ.യാണ്. വ്യവസായ കുടുംബം. വഴിക്കു വച്ച് പറഞ്ഞു.



സേര്‍. ഈ ബ്ലാക്ക് മണി ഇല്ലാതാക്കാന്‍ എന്താ മാര്‍ഗ്ഗം ? എനിക്കൊരു ഐഡിയാ ഉണ്ട്.



പറയൂ.



ഈയിടെ ഞാന്‍ സാക്ഷിയായിരുന്ന ഒരു ലാന്‍ഡ് ഡീല്‍ നടന്നു. അഞ്ചു കോടിയുടേതാണ് ട്രാന്‍സാക്ഷന്‍. 50% ബ്ലാക്ക്. പാര്‍ട്ടി രണ്ടു സൂട്ട് കേസ് നിറയെ നോട്ടുകളുമായാണ് വന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകള്‍. ഈ ഭാരം ശരിക്കും ഒരു ഭാരമായിരുന്നു. സപ്പോസ്, നമ്മുടെ ഏറ്റവും കൂടിയ നോട്ട് അമ്പതു രൂപായുടേതായിരുന്നെങ്കില്‍ ഈ ട്രാന്‍സാക്ഷന് ഇരുപതു പെട്ടികള്‍ വേണ്ടി വന്നേനേ. ഇല്ലേ ? ഫിസിക്കലി ക്വയറ്റ് ഇംപ്രാക്ടിക്കബിള്‍. അപ്പോള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇല്ലാതാക്കി അമ്പതു രൂപ കെട്ടുകള്‍ക്കപ്പുറമുള്ള എല്ലാ ഇടപാടുകളും ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തില്‍ ആക്കിയാല്‍ ഈ കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ പറ്റുകില്ലേ ? കള്ളനോട്ടു നിര്‍മ്മാണം ലാഭകരമല്ലാതാകും. വാട്ട് ഈസ് യുവര്‍ ഒപ്പിനിയന്‍?



എനിക്കു പെട്ടെന്നോര്‍മ്മ വന്നത് മില്യണ്‍ പൗണ്ട് നോട്ട് എന്ന

ലോകപ്രസിദ്ധമായ സിനിമയാണ്. ഗ്രിഗറി പെക്ക് അഭിനയിച്ച അമേരിക്കയുടെ അനശ്വരനായ കഥാക്യത്ത് മാര്‍ക്ക് ട്വെയിന്റെ കഥയുടെ ദ്യശ്യാവിഷ്‌ക്കാരം. പത്തു ലക്ഷം പവന്റെ വിലയുള്ള ഒരു നോട്ട്. (പത്തു കോടി പവന്റെ നാല്‍പ്പത് നോട്ടുകളും പത്തു ലക്ഷത്തിന്റെ രണ്ടു നോട്ടുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് ഗോസിപ്പ്).

ഈ നോട്ട് കൈവശം വച്ചിരുന്ന രണ്ടു സുഹ്യത്തുക്കള്‍, കോടീശ്വരന്മാരായ ഒളിവറും റൊഡറിക്കും, വാതു വച്ചു.



പണം കൊടുത്താല്‍ ലഭിക്കുന്ന എന്തും പണം കൈയില്‍ ഉണ്ടെന്നറിഞ്ഞാല്‍ കിട്ടും എന്ന് ഒളിവര്‍. ഇല്ല, പണം ചിലവാക്കണം, എന്നാലേ അവ ലഭിക്കൂ എന്ന് റൊഡറിക്ക്.



വിശപ്പടക്കാന്‍ അമ്മയുടെ ഒക്കത്തിരുന്ന് ആപ്പിള്‍ കടിക്കുന്ന കുട്ടിയെ അത് താഴേക്കെറിയാന്‍ പ്രേരിപ്പിച്ച് പിന്നാലെ കൂടുന്ന ഭിക്ഷാംദേഹി ഹെന്‍റി ആഡംസ് എന്ന പാവത്തിനെ അവര്‍ കാണുന്നു. അയാളെ വിളിച്ച് അവര്‍ ഈ നോട്ട് നല്‍കുന്നു. അത് മാറി ചില്ലറയാക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. പത്തു ലക്ഷം പവന്റെ നോട്ടുമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹെന്‍ റി ആഡംസിന്റെ പിന്നീടുള്ള അതിരസകരമായ കഥയാണ് മില്യണ്‍ പൗണ്ട് നോട്ട്.



നോട്ടുകെട്ടുകള്‍ക്ക് ബ്ലാക്ക് മണി വിദേശ അക്കൗണ്ടുകളില്‍ വലിയ സ്ഥാനമില്ല എന്നാണ് അതേക്കുറിച്ച് വിവരമുള്ളവര്‍ പറയുന്നത്. സിനിമ - ടി.വി ദ്യശ്യങ്ങളില്‍ കാട്ടാന്‍ അക്കൗണ്ടിലെ അക്കങ്ങളെക്കാള്‍ നല്ലത് ലോക്കറിലെ പെട്ടിയില്‍ അടുക്കിയിരിക്കുന്ന ഡോളര്‍ കെട്ടായതു കാരണം ആ രീതി കഥകളില്‍ കൊണ്ടു വരുന്നെന്നതേയുള്ളു. കോഴപ്പണം ക്യത്യമായി നമ്പേര്‍ഡ് അക്കൗണ്ടുകളില്‍ എത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഒരു വൈറസ്സിനും ആക്രമിച്ച് കബളിപ്പിക്കാന്‍ പറ്റാത്ത രീതിയില്‍ വന്നു കഴിഞ്ഞു. പിന്നെ ലോക്കറിലെ നോട്ട് കെട്ടിന്റെ വില ആവശ്യം വന്ന് തുറക്കുമ്പോള്‍ എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനൊക്കുകയുമില്ലല്ലോ. സിംബാബ് വെ 2009 ല്‍ 100 ട്രില്യണ്‍ (1 ന് ശേഷം 14 പൂജ്യം) ഡോളറിന്റെ നോട്ട് ഇറക്കി. ഹംഗറി 1946 ല്‍ 10 കോടി ബീ പെങ്ങിന്റെ നോട്ടിറക്കി. രണ്ടിനും ഒരു കപ്പ് കാപ്പി വാങ്ങാനുള്ള വിലയേ ഉണ്ടായിരുന്നുള്ളു. സൂട്ട് കേസ് നിറയെ നോട്ടുമായി പണപ്പെരുപ്പകാലത്ത് ചെരുപ്പ് വാങ്ങാന്‍ ചെന്നയാളുടെ കൈയില്‍ നിന്ന് സൂട്ട് കേസ് വാങ്ങി പകരം ചെരിപ്പു നല്‍കിയ ആഫ്രിക്കന്‍ കഥ അസത്യമാകാനിടയില്ല. നോട്ടു കെട്ടുകള്‍ വേസ്റ്റായിപ്പോലും വാങ്ങാന്‍ കടക്കാരന്‍ തയാറായില്ലത്രെ.



പക്ഷെ നമ്മുടെ നാടന്‍ കൈക്കൂലി രംഗത്ത് എന്റെ ചെറുപ്പക്കാരന്‍ സുഹ്യത്തിന്റെ ഐഡിയ പരീക്ഷിക്കാവുന്നതേയുള്ളു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി കഴിഞ്ഞ് പത്തു സൂട്ട്‌കേസുകളില്‍ അമ്പതുരൂപാ കെട്ടുകളുമായി വീട്ടിലേക്കു ചെല്ലുന്ന ഉദ്യോഗസ്ഥനെ ഭാര്യ നേരിടുന്ന രംഗം ഒന്ന് ഓര്‍ത്തു നോക്കൂ. പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ആഫീസുകളിലും ജീപ്പില്‍ വിവിധ തടിയന്‍ ബാഗുകളുമായി മാസപ്പടി വിതരണത്തിന് മാഫിയാ മെസഞ്ചര്‍ വരുമ്പോള്‍ എന്തായിരിക്കും പ്രതികരണം ? എവിടെ കാര്‍ അപകടം ഉണ്ടായാലും ടി.വി.യും നമ്മളും ആള്‍ മരിച്ചോ എന്നതിനെക്കാളും കാറില്‍ നിന്നുതെറിച്ചു വീണ സൂട്ട് കേസില്‍ എത്ര കോടി കോടികള്‍ ഉണ്ടായിരിക്കും എന്നാണല്ലോ ഉദ്വേഗത്തോടെ ഫ്‌ളാഷ് ന്യൂസിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ചിന്തിക്കാറ്. ഏറ്റവും കൂടിയ ലീഗല്‍ ടെന്‍ഡര്‍ അമ്പതു രൂപാ നോട്ടായാല്‍ കാറില്‍ നിന്ന് പത്തു സൂട്ട് കേസ് തെറിച്ചു വീണാലേ ലോക്കല്‍ ടി.വിക്കാരന്‍ പോലും മൈന്‍ഡു ചെയ്യൂ.



പാകിസ്താന്‍ കള്ളനോട്ടടിച്ച് ഇന്ത്യയില്‍ വിതരണം നടത്താന്‍ തയാറാകുകില്ല.



പത്തോ നാല്പതോ അമ്പതുരൂപാ നോട്ടുകള്‍ക്കപ്പുറം നോട്ടായി കൈയില്‍ വയ്‌ക്കേണ്ട ആവശ്യം ഈ ക്രെഡിറ്റ് കാര്‍ഡിന്റെ കാലത്ത് ആര്‍ക്കുമില്ല.



സെല്‍ ഫോണ്‍ നിരക്ഷരരുടെ പോലും അവയവമായതുപോലെ ക്രെഡിറ്റ് കാര്‍ഡിനും ആകാവുന്നതേയുള്ളു.



പരീക്ഷിക്കാവുന്നതാണ്.



പക്ഷെ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആര് തയാറാകും ?





Tags: How to stop black money

No comments: