ഹോം » കമെന്ററി » മോഹധനീയം
ഓണവും പണവും
Posted on: 13 Sep 2010
2010 ലെ ( കൊല്ലവര്‍ഷം 1186 ) ഓണത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. സാധാരണയായി ഓണത്തിന് മാവേലിയും, സര്‍ക്കാര്‍വക ഓണക്കളികളും പൂക്കളവും കസവു തിരുവാതിരക്കളികളും ഇതിനൊക്കെ മുടിചൂടുന്ന സൂപ്പര്‍സ്റ്റാറുകളുടെ ഓണസ്സിനിമാകളും ചിലപ്പോള്‍ കായലില്‍ പോലും വള്ളംകളിയും ആണ് പതിവ്.
പക്ഷെ ഇത്തവണ സംഭവം തികച്ചും വ്യത്യസ്തമായിരുന്നു. എല്ലാത്തരം ആഘോഷങ്ങളെയും രൂപായുടെ കണക്കുകള്‍ പിന്നിലാക്കി. കോടികളുടെ കണക്കുകള്‍. മദ്യം വിറ്റത് 250 കോടി, അതില്‍ സര്‍ക്കാര്‍ മദ്യം 140 കോടി, ലോട്ടറി വിറ്റത് 300 കോടി. അതില്‍ സര്‍ക്കാര്‍ ലോട്ടറി 120 കോടി. സ്വര്‍ണ്ണം വിറ്റത് 800 കോടി. തുണി വിറ്റത് 1700 കോടി. എല്‍ സി ഡി, എല്‍ ഇ ഡി ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഓവന്‍ 300 കോടി. കാറ് 110 കോടി. ബൈക്ക് 100 കോടി.
തൊഴിലുള്ളവര്‍ക്ക് ബോണസ് കിട്ടിയത് 3000 കോടി. ബോണസ് കിട്ടാത്തവര്‍ കടം വാങ്ങിയത് 2000 കോടി.
എല്ലാ രംഗത്തും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20, 30, 40 ശതമാനം വര്‍ദ്ധന.നമുക്കു നേരിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും ഒരു സന്തോഷം. നാം പുരോഗമിക്കുന്നുണ്ട്. ജി ഡി പി യുടയും സെന്‍സെക്‌സിന്റെയും വര്‍ദ്ധന എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കാള്‍ ഏറെയാണിവിടെ. ഇവ രണ്ടും സാധാരണക്കാരന് മനസ്സിലാകില്ല.
പക്ഷെ ഈ രുപയുടെ ഡയറക്ട് കോടിക്കണക്ക് ആര്‍ക്കും മനസ്സിലാകും. രൂപയ്ക്ക്, പണത്തിന്, ആ കോടികളുടെ അക്കങ്ങള്‍ക്ക് ഈ മാസ്മരശക്തിയുണ്ട്.
കേള്‍ക്കുന്നവന് ഫ്രീയായി ലഭിക്കുന്ന സന്തോഷം. രാവിലെ പത്രം വരുമ്പോള്‍ ആര്‍ത്തിയോടെ സ്വര്‍ണ്ണവില മാത്രം ശ്രദ്ധയോടെ വായിക്കുന്ന വീട്ടമ്മയുടെ സന്തോഷം. എല്ലാം കണക്കുകളാണ്. മാവേലി പോയിട്ട് ചിത്രഗുപ്തന്‍ വിചാരിച്ചാല്‍ പോലും സത്യത്തിന്റെ അടുത്തെത്താന്‍ നിവര്‍ത്തിയില്ലാത്ത അക്കങ്ങളുടെ കണക്കുകളാണിവ. നമ്മുടെ സാമ്പത്തികശാസ്ത്രത്തിന്റെ ഭൗതികതയുടെ അടിസ്ഥാനപരമായ ഒരു ദൗര്‍ബല്യം ഈ കണക്കുകള്‍ കാട്ടുന്നുണ്ടോ ? ആലോചിക്കേണ്ടതാണ്.
പണത്തിന്റെ ഉപയോഗത്തെ മൂന്നായി തിരിക്കാം.
ഒന്ന്, ശാരീരികമായ ആവശ്യങ്ങള്‍ക്കുള്ള ഉത്പ്പന്നങ്ങള്‍ ലഭിക്കാന്‍.
രണ്ട്, സര്‍വീസ് ലഭിക്കാന്‍.
മൂന്ന്, മാനസികസംത്യപ്തിക്കും ഉല്ലാസത്തിനും.
പണത്തിന് സ്വന്തമായ അസ്തിത്വമില്ല. ഉത്പന്നങ്ങളുടെയും സേവനത്തിന്റെയും കൈമാറ്റത്തെ ത്വരിതപ്പെടുത്താന്‍ ആവിര്‍ഭവിച്ച പണം അതിന്റെ മറ്റു പ്രയോജനങ്ങള്‍ കാട്ടിയപ്പോള്‍ പെട്ടെന്ന് ലോകപ്രിയമായി. ഒരു ലക്ഷം രൂപയുടെ നോട്ടു കെട്ടിന് കടലാസുവില പത്തു പൈസപോലുമില്ല. പക്ഷെ ഈ സിംബല്‍ സൂക്ഷിച്ചു വയ്ക്കാനുള്ള അനായാസതയും അതു വഴി കടനിക്ഷേപപലിശാ ബാങ്കിംഗ് സംവിധാനവും, എളുപ്പമായി. കരം ഈടാക്കാന്‍ പറ്റുന്ന സൗകര്യം കാരണം
സര്‍ക്കാരുകളുടെ പ്രവര്‍ത്തനം രൂപയിലൂടെ വിപുലീകരിക്കപ്പെട്ടു.
പണത്തിന് മാനവസമൂഹത്തിന്റെ മൈന്‍ഡ്‌സെറ്റില്‍ ലഭിച്ച ആധിപത്യം ഇപ്പോള്‍ മറ്റെന്തിനെക്കാളും ഉയര്‍ന്നതായി മാറിയിരിക്കുന്നു. കാലവും ദൂരവും വരുത്തുന്ന വൈഷമ്യത്തെ അതിജീവിക്കാന്‍ ബാര്‍ട്ടര്‍ സിസ്റ്റത്തിന് വിഷമമായിരുന്നു. എല്ലാവര്‍ക്കും സ്വയം ഉത്പാദിപ്പിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന അത്യാവശ്യവസ്തുക്കളുടെ കൊടുക്കല്‍ വാങ്ങലില്‍ മദ്ധ്യവര്‍ത്തിയായി പ്രവേശിച്ച പണം മെല്ലെ ഒരു മാതിരി എല്ലാ മേഖലയും കൈയടക്കി. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞത് വിദ്യയുടെ മോണിട്ടറി വാല്യൂ നോക്കിയല്ലായിരുന്നു. പക്ഷെ സാവധാനം സ്ഥാവരജംഗമവസ്തുക്കളോടൊപ്പം എല്ലാ സേവനങ്ങള്‍ക്കും പണം ഒരു അളവുകോലായി. വിവാഹബന്ധങ്ങളില്‍ വധുവിന്റെ വിലയിലും പാപക്കറ കളയാനുള്ള ദൈവപ്രീതിയ്ക്കായി സമര്‍പ്പിക്കുന്ന ഭക്തിയിലും പണത്തിന്റെ അളവ് മാനദണ്ഡമായി. ടാലന്റിനും പണമായി അളവുകോല്‍.
1872 ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ 99.3 ശതമാനം ജനങ്ങളും ഗ്രാമവാസികളായിരുന്നു. ഗ്രാമങ്ങള്‍ ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ പ്രാഥമികാവശ്യങ്ങളില്‍ സ്വയം പര്യാപ്തവും കര്‍ശനമായ കുലത്തൊഴിലിധിഷ്ഠിതമായ ജാതിവ്യവസ്ഥ കാരണം വളര്‍ച്ചയ്ക്ക് പരിമിതികളുള്ളവയും ആയിരുന്നു. ചാണക്യന്റെ കാലം മുതല്‍ നാണയങ്ങളെക്കുറിച്ച് വരേണ്യവര്‍ഗ്ഗത്തിന് ബോധമുണ്ട്. പല ചക്രവര്‍ത്തിമാരും രാജാക്കന്‍മാരും നാണയങ്ങള്‍ പുറത്തിറക്കി. പക്ഷെ അവയൊന്നും ഒരിക്കലും സാധാരണക്കാരനെ ബാധിച്ചിരുന്നില്ല.
ഗ്രാമീണര്‍ അധികാരികള്‍ക്ക് വിളവിന്റെ വീതമാണ് കരമായി കൊടുത്തത്. അവര്‍ തമ്മിലുള്ള പരസ്പരസേവനത്തിന് കൊയ്ത്തുകാലത്ത് വിളവിന്റെ ക്യത്യമായ അംശവും. കേരളത്തില്‍ മൂന്നു തലമുറ മുമ്പു വരെ നമ്മെ പണം കീഴ്‌പ്പെടുത്തിയിരുന്നില്ല. തകഴി ശിവശങ്കരപ്പിള്ള, തകഴിച്ചേട്ടന്‍, വലിയ പിശുക്കനാണെന്ന് പ്രസിദ്ധമാണ്. അദ്ദേഹം ആ പ്രസിദ്ധി വലുതാക്കുന്നതില്‍ ഒട്ടും ലോഭവും കാട്ടിയിരുന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ മനസ്സിന് പണത്തിന്റെ കാര്യത്തില്‍ മാത്രമേ പിശുക്കു കാട്ടാന്‍ പറ്റിയിരുന്നുള്ളു. തകഴിയില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറയും. കാറുണ്ടല്ലോ. കുറച്ചു തേങ്ങാ കൂടി എടുത്ത് ഡിക്കിയിലിടാന്‍ പറഞ്ഞിട്ടുണ്ട്. നല്ല മാങ്ങാ. ഇപ്പോള്‍. കുടുമാങ്ങയ്ക്ക് പാകമാ. ഒരു കുട്ട അതും കൂടി വച്ചിട്ടുണ്ട്.
പക്ഷെ, ചേട്ടാ, ഒരു ഇരുപതു രൂപാ വേണമായിരുന്നു. ഉണ്ടാകുമോ ? എന്നു ചോദിച്ചാല്‍ ഉടന്‍ മറുപടി കിട്ടും. രൂപയോ ! അതും ഇരുപത്. ഇരുപതു ചക്രം എടുക്കാനില്ല. അപ്പോഴാ! ആലോചിച്ചു പറയുന്നതല്ല. ആത്മാര്‍ത്ഥമായ സത്യസന്ധമായ പ്രതികരണമാണ്. ആ തലമുറ വരെ ഉത്പന്നങ്ങളുടെ മോണിട്ടറി വാല്യൂ ആര്‍ക്കും ഒരു പ്രശ്‌നമായിരുന്നില്ല. പത്മനാഭസ്വാമിയുടെ പത്തു ചക്രം എന്ന തിരുവിതാം കൂറിലെ സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളത്തിന് അതിന്റെ ഉത്പന്നങ്ങളിലേക്കുള്ള രൂപമാറ്റം ആവശ്യമായിരുന്നില്ല.
ലോകചരിത്രം പരിശോധിച്ചാല്‍ തീയും വണ്ടിച്ചക്രവും കഴിഞ്ഞാല്‍ മനുഷ്യനെ ഭൗതികവും മാനസികവുമായി കീഴടക്കിയ ഏറ്റവും വലിയ ശക്തിസ്രോതസ്സ് പണം ആണെന്നു കാണാം. പണം മനുഷ്യന്‍ കണ്ടുപിടിച്ചതാണ്. പണത്തിന്റെ വില വാസ്തവത്തില്‍ അത് പ്രതിനിധീകരിക്കുന്ന ആസ്തിയുടെ വിലയില്‍ നിന്ന് വളരെ മാറിക്കഴിഞ്ഞിരിക്കുന്നു. അഭിലാഷം, വാഞ്ഛ, ഉന്നതമായ ലക്ഷ്യം, അനുഭൂതി, ബോധം, അറിവ്, ഉദ്പാദനശേഷി, ആശയം, വിശ്വാസം, മനോഭാവം, ആന്തരികമൂല്യം, അന്തസ്സത്ത ഇവയുടെയെല്ലാം വില ഇപ്പോള്‍ പണത്തില്‍ ലഭിക്കും. മനുഷ്യമനസ്സില്ലെങ്കില്‍ പണത്തിന് വിലയോ അസ്തിത്വമോയില്ല. മനുഷ്യഭാവന രൂപപ്പെടുത്തിയ വസ്തുനിഷ്ഠമല്ലാത്ത ഒരു ഐന്‍സ്റ്റിന്‍ പ്രഹേളികയാണ് പണം.
അതിന് പുറത്തു കാട്ടാനായി നാണയവും കറന്‍സിയും ക്രെഡിറ്റ് കാര്‍ഡും ഉണ്ട്. പണത്തിന്റെ അടിസ്ഥാനം അപ്പോള്‍ സാധനങ്ങളുടെയോ, ഇടപാടുകളുടെയോ, സംഘടനയുടെയോ മൂല്യമല്ല, പ്രത്യുത ഓരോ വ്യക്തിയുടെയും കഴിവിന്റെയും ആവശ്യത്തിന്റെയും ആഗ്രഹത്തിന്റെയും അന്തിമരൂപമാണ്.
ഇന്ന് ഉത്പന്നങ്ങളും സേവനങ്ങളും വിട്ട് പണം അതിവേഗം വളര്‍ന്നു കഴിഞ്ഞു. വ്യക്തിയുടെ വിശ്വാസ്യതയ്ക്കും പ്രവചനത്തിനും ഇക്കണോമിക് വാല്യൂ നല്‍കുന്ന ക്രെഡിറ്റ് മണി വന്നതോടുകൂടി സമൂഹത്തിന് നൂതനമായ ഒരു സമവാക്യം ലഭിച്ചു. ഓരോ വ്യക്തിയെയും വിശ്വസിക്കാവുന്നതിന് പണം പരിധിയിട്ടു. കൈവശമുള്ള ആസ്തികളുടെ വിലയില്‍ നിന്ന് വിഭിന്നമായ അളവുകോലായി പണം പ്രത്യക്ഷപ്പെട്ടു.
മാനവസമൂഹം പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ എല്ലാ മേഖലകളിലും പുരോഗതി വരുത്തിയിട്ടുണ്ട്. മാനവസമൂഹത്തിന്റെ സന്തോഷത്തിലും സംത്യപ്തിയിലുമൊഴികെ.
'The Human Race has improved everything except the Human Race'- Adlai Stevenson.
പക്ഷെ നമുക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ധര്‍മ്മം യക്ഷരൂപിയായി വന്ന് യുധിഷ്ഠിരനോട് ചോദിച്ച കഥയുണ്ട്.
ലാഭാനാം ഉത്തമം കിം ? മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ലാഭം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു.
ലാഭാനം ശ്രേയ ആരോഗ്യം. ആരോഗ്യമാണ് മനുഷ്യന് ലഭിക്കാവുന്ന സര്‍വ ശ്രേഷ്ഠമായ ലാഭം.
ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെയും ആരോഗ്യം.
ഈ വര്‍ഷം ഓണത്തിന് നാം എല്ലാം ഏറെ സന്തുഷ്ടരായിരുന്നു. ഓണത്തിന് നമുക്കു ലഭിച്ച സന്തോഷത്തിന്റെ വിലയിട്ടാല്‍ അതെത്രയാകും ? എത്രതെത്ര ആയിരം കോടികള്‍ ?
--------------
Tags: Onam, Mohadhaneeyam
No comments:
Post a Comment