ഹോം » കമെന്ററി » മോഹധനീയം
പുതിയ ദൈവങ്ങള്‍
Posted on: 06 Jul 2010
ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിലെ സൂപ്പര്‍താരമായ പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍ ക്രിസ്റ്റാനോ റൊനാള്‍ഡോ പറഞ്ഞു.
എന്നെ ദൈവം ഭൂമിയിലേക്കയച്ചിരിക്കുന്നത് ഫുട്‌ബോള്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് മനുഷ്യരെ കാണിച്ചു കൊടുക്കാനാണ്.
അര്‍ജന്റിനായുടെ സൂപ്പര്‍ താരം 22 കാരന്‍ ലയണല്‍ മെസ്സി അത്ഭുതം പ്രകടിപ്പിച്ചു.
ഞാനാരെയും പറഞ്ഞു വിട്ടില്ലല്ലോ.
രണ്ടു പേരും ഫുട്‌ബോള്‍ പ്രേമികളുടെ പുത്തന്‍ ദൈവങ്ങളാണ്. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ മറഡോണയും മറ്റും പഴയ ദൈവങ്ങളും.
ദൈവങ്ങളുടെ ശക്തി അവരുടെ വിലയിലാണ്. മെസ്സിയാണ് നമ്പര്‍ വണ്‍. 220 കോടി രൂപാ. കളി കാണാന്‍ ബെഞ്ചിലിരുന്ന ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാമാണ് രണ്ടാമന്‍. മൂന്നാമനായ റൊനാള്‍ഡോയെ 200 കോടിയില്‍ കിട്ടും.
മൂന്നു ദൈവങ്ങളും കളിയുടെ സെമി എത്തുന്നതിനുമുമ്പു തന്നെ സിംഹാസനം വിട്ടൊഴിഞ്ഞു കഴിഞ്ഞു. ഭക്തര്‍ പുതിയ ദൈവങ്ങള്‍ക്കു വേണ്ടി പരക്കം പായുകയാണ്. ദൈവത്തിന് വാസ്തവത്തില്‍ സമ്പത്തല്ല പ്രധാനം. ആരാധകരാണ്.
ഗോള്‍ഫിലെ ടൈഗര്‍ വുഡ്‌സും ഫില്‍ മൈക്കല്‍സണുമാണ് സ്‌പോര്‍ട്‌സിലെ ഏറ്റവും വില കൂടിയ താരങ്ങള്‍. 500 കോടി വിലയുള്ള ടൈഗര്‍വുഡ്‌സിന് ദൈവരൂപം പക്ഷെ ആരും നല്‍കിയിട്ടില്ല.
നമ്മുടെ ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നാലയലത്തു പോലും ആരാധകരുടെ കണക്കില്‍ ടൈഗര്‍ വുഡ്‌സ് എത്തിയിട്ടില്ല. എത്തുകയുമില്ല. ഇന്ത്യയ്ക്ക് ലഭിച്ച ഏക ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെപ്പോലും നമ്മള്‍ ദൈവമായി അംഗീകരിച്ചിട്ടില്ലല്ലോ. അപ്പോള്‍ തന്റെ മേഖലയിലെ മിടുക്കു മാത്രമല്ല, ദൈവമായി അംഗീകാരം നേടാന്‍ വേണ്ടത്.
വില കണക്കെടുത്താല്‍ വേള്‍ഡ് കപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ച 32 ടീമുകളില്‍ ഒന്നാമന്‍ സ്‌പെയിനാണ്. 28 കളിക്കാരുടെ വില 3000 കോടി രൂപാ. പിന്നില്‍ ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്. ലോകചാമ്പ്യന്മാരായിരുന്ന ഇറ്റലിക്ക് അഞ്ചാം സ്ഥാനമേ ഉള്ളു. മെസ്സി ദൈവത്തിന്റെ നാടായ അര്‍ജന്റീനയ്ക്ക് അതിലും താഴെയാണ് സ്ഥാനം. കളിക്കാരുടെ വിലയിലുണ്ടായ ഏറ്റക്കുറവുകളും ശമ്പളവും മറ്റു തരത്തിലുള്ള പരസ്യവരുമാനവും ചേര്‍ത്ത കണക്കാണ്. ഏറ്റവും പിന്നില്‍ 31, 32 സ്ഥാനത്ത് ന്യൂസിലാണ്ടും വടക്കന്‍ കൊറിയയും.
കോച്ചുകളുടെ കാര്യമാണ് കൂടുതല്‍ രസകരം.
ഡീഗോ മറഡോണ ആയിരുന്നല്ലോ ഇത്തവണ ദൈവപരിവേഷം കൊണ്ടുവന്ന കോച്ച്. മലപ്പുറത്ത് റോഡിന് ഇരുവശവും കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ കൈ തെറുത്ത വെള്ളജൂബയും മടക്കിക്കുത്തിയ മല്‍മല്‍മുണ്ടുമായി മറഡോണാ നിന്നു. ഇടയ്ക്കിടയ്ക്ക് പഴശ്ശിരാജായായി വാളുമെടുത്ത് മമ്മുട്ടിയെ വെല്ലു വിളിക്കുകയും ചെയ്തു.
പക്ഷെ മറഡോണയ്ക്ക് ശമ്പളം വെറും 5 കോടി രൂപയേ ഉള്ളായിരുന്നു. കൂടെയുള്ള ബ്രസീല്‍ കോച്ച് ഡുംഗായുടെയും വിലയ്ക്ക് വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഇറ്റലിക്കാരനായ കോച്ച് ഫാബിയോ കാപ്പലോയ്ക്ക് ഇതേ സമയം ലഭിച്ചത് 53 കോടി രൂപായാണ്. പത്തിരട്ടിയിലധികം.
ഫ്രാന്‍സിന്റെ കോച്ച് ഡൊമാന്‍ച്ചിന് പീസ് വര്‍ക്ക് ബോണസ് വാഗ്ദാനമായിരുന്നു. ടീം പ്രിലിമിനറി റൗണ്ട് കടന്നതിന് 6 കോടി. ജയിക്കുന്ന കളിക്ക് ഓരോന്നിനും 6 ലക്ഷം രൂപാ. സമനിലയ്ക്ക് 3 ലക്ഷം.
പക്ഷെ ദൈവങ്ങളെല്ലാം ഒരു 90 വിസ്മയ മിനിട്ടില്‍ വിസ്മ്യതരായി.
ദൈവങ്ങളുടെ ചിത്രം വരച്ച ജെഴ്‌സികളുടെ വില പത്തിലൊന്നായി നിമിഷം കൊണ്ട് കുത്തനെ ഇടിഞ്ഞു.
ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ ടാറിന്റെ വരകള്‍. മണ്‍സൂണ്‍ കാറ്റും വീറോടെ ബോര്‍ഡുകള്‍ വലിച്ചുകീറി.
ദൈവങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു ?
ഇന്ന് ലോകം ഒരു വലിയ പൊട്ടിത്തെറിയുടെ നടുവിലാണ്. അല്‍ ഖെയ്ദാ ബോംബുണ്ടാക്കുന്ന സാങ്കേതികവിദ്യപോലും വിവരിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പത്രിക പുറത്തിറക്കുകയാണ്. ഇതൊരു പാരമ്പര്യരീതിയിലുള്ള യുദ്ധത്തിന്റെ പൊട്ടിത്തെറിയല്ല. അതിനെക്കാള്‍ വലിയ, മാനവസമൂഹം ഇന്നുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഒരു സ്‌ഫോടനം.
പരമ്പരാഗതരീതിയിലുള്ള അക്രമവും മത്സരവും അവസാനിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകവും ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കിയ മാനം മാനവസമൂഹം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന എല്ലാ സമവാക്യങ്ങളെയും തൂത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ മായുന്നു. മതങ്ങള്‍ക്കു പോലും ഏറിയാല്‍ രണ്ടോ നാലോ ദശകങ്ങള്‍ക്കപ്പുറം ശാസ്ത്രം നല്‍കുന്ന അറിവിനെയും സ്വാതന്ത്ര്യത്തെയും തടഞ്ഞു നിര്‍ത്തി ഇപ്പോഴത്തെ രീതിയില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താനാകില്ല. വെബ്‌സൈറ്റുകളും മെഡിക്കല്‍ ടെക്‌നോളജിയും കൊണ്ടുവരുന്ന സുതാര്യതയും സ്വാതന്ത്ര്യവും സമൂഹത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും പുതിയ സമവാക്യങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
അപ്പോള്‍ നമുക്കു ഇന്നുവരെയുള്ള ദൈവസങ്കല്‍പ്പത്തെയും മാറ്റേണ്ടിവരുന്നു.
നാം പുതിയ ദൈവങ്ങളെ തേടുകയാണ്.
അംബാനി ? നാരായണമൂര്‍ത്തി ?
അവരുടെ സമന്മാരായ പിന്‍ഗാമികളായ ടാറ്റയെയും ബിര്‍ളയെയും ആരും മുമ്പ് ദൈവമായി കണക്കാക്കിയിരുന്നില്ല.
ആദ്യം ദൈവം വന്നത് വേദങ്ങളുടെ കാലത്തായിരുന്നു. അന്ന് ദൈവത്തിന് രൂപമുണ്ടായിരുന്നില്ല. സൂര്യനും ചന്ദ്രനും ഇടിമിന്നലും കാറ്റും മഴയും എല്ലാം ദൈവമായി മാറി. പിന്നെ മുപ്പത്തു മുക്കോടി ദൈവങ്ങള്‍ പിറന്നു. നമുക്കിഷ്ടമുള്ള ദൈവത്തെ തിരഞ്ഞെടുക്കാം. വിദ്യ വേണ്ടവര്‍ക്ക് സരസ്വതി. ധനം വേണ്ടവര്‍ക്ക് ലക്ഷ്മി.
മനു ബ്രാഹ്മണന് ദൈവത്തെ നിശ്ചയിക്കാന്‍ അധികാരം കൊടുത്തു. പക്ഷെ ധനം കൊടുത്തില്ല. അത് വൈശ്യന്റെ കൈയിലായിരുന്നു.
മഹാവിഷ്ണു പത്ത് അവതാരം എടുത്തു. ദൈവാവതാരം. അതില്‍ പൂര്‍ണ്ണ മനുഷ്യരൂപം വരിച്ച ആദ്യത്തെ അവതാരമായിരുന്നു പരശുരാമന്‍. അദ്ദേഹം മുതല്‍ പിന്നെ വന്ന അവതാരങ്ങളെല്ലാം കായികരംഗത്ത് അമാനുഷികത കാട്ടിയവരായിരുന്നു. പരശുരാമനും ശ്രീരാമനും ബലരാമനും ശ്രീക്യഷ്ണനും വരാന്‍ പോകുന്ന കല്‍ക്കിയും ആയുധവിദ്യയില്‍ അദ്വിതീയരാണ്. അന്ന് യുദ്ധക്കളം മാത്രമായിരുന്നു കളിക്കളം. ശ്രീക്യഷ്ണഭഗവാന്‍ നേരിട്ട് ഗോളടിച്ചില്ല. മെസ്സിയും നേരിട്ട് അടിക്കുന്നതിനേക്കാള്‍ ഇഫക്ടീവായി അര്‍ജ്ജുനന്മാര്‍ക്ക് ഗോളടിക്കാന്‍ കെണി ഒരുക്കുകയാണ് ചെയ്തത്.
അര്‍ജ്ജുനനും ദുര്യോധനനും മഹാഭാരതയുദ്ധത്തിന്റെ തയാറെടുപ്പില്‍ സഹായം തേടി ശ്രീക്യഷ്ണഭഗവാന്റെ അടുത്തു ചെന്നു. ഇരു കൂട്ടരെയും പിണക്കാന്‍ പറ്റുകയില്ല. ഭഗവാന്‍ ചോദിച്ചു. ഞാനും എന്റെ യാദവപ്പടയുമുണ്ട്. ആരെ വേണം ?
തന്ത്രങ്ങള്‍ മെനുക്കുന്ന ഒരു കോച്ചാണ് പത്തു കളിക്കാരെക്കാള്‍ കളി ജയിക്കാന്‍ വേണ്ടത് എന്നറിയാമായിരുന്ന അര്‍ജ്ജുനന്‍ കോച്ചിനെ സ്വന്തമാക്കി. ദുര്യോധനന്‍ സന്തോഷത്തോടെ യാദവപ്പടയെ ഒപ്പം കൂട്ടി. ഫലം നമുക്കറിയാമല്ലോ.
പുതിയ ദൈവങ്ങള്‍ തന്ത്രം മെനയുന്നവരാണ്.
അമ്പലങ്ങള്‍ എം.ബി.എ. ഫാക്ടറികളും.
ദൈവവും അമ്പലവും മാറിയെങ്കിലും അവിടെ ചൊല്ലുന്ന കീര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ല.
We are reverential and worshipful, ever ready to surrender, refuse to learn, try to become leechesand latch on to other people. The blind parroting of terminologies continue in a new form in the MBA factories.
ആരാ പറഞ്ഞത് ?
ആരാ പറഞ്ഞത് എന്നതിന് പ്രസക്തിയില്ല.
സത്യമാണോ എന്ന് ചിന്തിക്കുക.
ഇന്ത്യയില്‍ ദാരിദ്യരേഖയ്ക്കു താഴെ പതിനഞ്ചു കോടിയാണോ ഇരുപത്തഞ്ചു കോടിയാണോ ജനങ്ങള്‍ എന്ന ഗൗരവമായ കണക്കുകൂട്ടലില്‍ നാം അഭിരമിക്കുമ്പോള്‍ പുതിയ ദൈവങ്ങള്‍ നമുക്കു സമാധാനം നല്‍കുന്നു. പാണ്ഡവരും കൗരവരും തമ്മിലുള്ള വസ്തുത്തര്‍ക്കം എല്ലാവരും തോറ്റ മഹാഭാരതയുദ്ധം കൊണ്ടേ അവസാനിച്ചുള്ളു.
ഇന്ന് അംബാനികുടുംബത്തിലെ സഹോദരങ്ങളുടെ തര്‍ക്കം ദക്ഷിണാഫ്രിക്കയില്‍ ഫുട്‌ബോള്‍ കളി കാണുന്നതിനിടയില്‍ തീര്‍ത്തു.
കളിക്കളത്തില്‍ ദൈവങ്ങള്‍ മെസ്സിയും റൊനാള്‍ഡോയും വീണപ്പോള്‍ കളി കണ്ടിരുന്ന പുതിയ ദൈവങ്ങള്‍ അവതരിച്ചു.
ഇനിയും അവതരിച്ചുകൊണ്ടേയിരിക്കും.

No comments:
Post a Comment