Friday, November 26, 2010

K.L.Mohanavarma, Mohadhaneeyam ഹലോ! ഹലോ!

ഹോം » കമെന്ററി » മോഹധനീയം




ഹലോ! ഹലോ!



Posted on: 08 Feb 2010





കുഞ്ഞുങ്ങള്‍ ആദ്യമായി ഉച്ചരിക്കുന്ന അക്ഷരം ഏതാണ് ? റിസര്‍ച്ച് നടത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെയും ഏതു ഭാഷക്കാരുടെ കുഞ്ഞുങ്ങളായാലും ആ ഒച്ച 'മ' എന്ന അക്ഷരത്തിന്റെ വിവിധ രൂപങ്ങളിലാണ് എന്ന് നമുക്കറിയാം. പിന്നീട് അമ്മ, മാം, മോം, മമ്മി, മമ്മാ, മാമാ, ഉമ്മ, മൊമ്മി, മം, മമ്മന്‍, മാതാ, മദര്‍, ആമി എന്തുമായി ആ ഒച്ച മാറി കുഞ്ഞ് അമ്മയെ വിളിച്ച് കരയും. അമേരിക്കയും ചൈനയും പെറുവും തായ്‌ലാന്‍ഡും നിക്കോരാഗ്വയും എല്ലാം ഇക്കാര്യത്തില്‍ സമമാണ്. ഇന്ത്യയില്‍ അമ്മയും മായും ഉമ്മയും ആയിരുന്നു പുരാതനകാലം മുതല്‍ മുന്നില്‍. നഗരങ്ങളില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ കുറെക്കാലമായി മമ്മിയെ മുമ്പിലാക്കാന്‍ ശ്രമിച്ച് വിജയിച്ചു വരുന്നുണ്ട് എന്ന സത്യം പരിസ്ഥിതി സംരക്ഷണ തീവ്രവാദികള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് 'മ'യ്ക്ക് വംശനാശം വരില്ല എന്ന് സമാധാനിച്ചിരിക്കുയായിരുന്നു ഞാന്‍.



പക്ഷെ ഈയിടെ ഒരു അനുഭവമുണ്ടായി. അതെന്നെ ആകെ ഒന്നുലച്ചു. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ട്രെയിനില്‍ വരികയായിരുന്നു. എ.സി. സ്ലീപ്പറിലാണ്. എതിരെയുള്ള സീറ്റില്‍ ഒരു യുവദമ്പതികള്‍. അമ്മയുടെ മടിയില്‍ ഒരു കൈക്കുഞ്ഞ്. അവന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ എന്നെയാണ് കണ്ടത്. ഞാന്‍ സെല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അവന്‍ എന്നെ നോക്കി ചുണ്ടു വിടര്‍ത്തി പുഞ്ചിരിക്കുന്ന മട്ടു കാട്ടി ഒച്ച പുറത്തേക്കു വിട്ടു.



ലോ...



ഞാന്‍ ഫോണ്‍ അവന്റെ നേരെ നീട്ടി.

വീണ്ടും ശബ്ദം.

ലോ.

കുഞ്ഞ് ഒന്നിളകി കൈ നീട്ടി.

കുഞ്ഞിന്റെ പിതാവ് അഭിമാനത്തോടെ പറഞ്ഞു.

അവന്‍ ഹലോ എന്നു പറയുകാ.

ഞാന്‍ പിന്നീട് ആറു മാസം പ്രായമുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ സെല്‍ ഫോണ്‍ കാട്ടി ഒരു സ്റ്റാറ്റിസ്റ്റിക്‌സ് എടുത്തു. എണ്‍പതു ശതമാനം കുട്ടികളും ആദ്യശബ്ദം പുറപ്പെടുവിക്കുന്നത് ലോ എന്നാണ്. മാ ഔട്ടായിക്കഴിഞ്ഞിരിക്കുന്നു.



ഇന്ത്യയുടെ വികസനത്തിന്റെയും സാമ്പത്തികമുന്നേറ്റത്തിന്റെയും ബ്രാന്‍ഡ് അംബാസിഡറായി നമ്മുടെ ഒരു വയസ്സിനു താഴെയുള്ള ശിശുക്കളെ ധൈര്യമായി പ്രദര്‍ശിപ്പിക്കാവുന്നതാണ്.



വികസനത്തിന് ലോ. മാ ഒരു കൊളോണിയല്‍ പഴംകഥ.

വേണമെങ്കില്‍ ഒരു വിശ്വാസ്യതക്കായി പതിവുപോലെ ഗാന്ധിജിയുടെ പേരും കൊണ്ടു വരാം.

The progress of mankind is reflected in the mindset of babies.

-Bapu.



പക്ഷെ ഗൗരവമായി ചിന്തിച്ചാല്‍ നമ്മുടെ പുരോഗതിയുടെ അര്‍ത്ഥവത്തായ അളവുകോല്‍ മൊബൈല്‍ ഫോണ്‍ അല്ലേ? ഒരു രാജ്യത്തിന്റെ പൊതുവായ മാനവശേഷിയുടെ, നമ്മുടെ ഹ്യൂമന്‍ റിസോഴ്‌സസ് എന്ന ഭയപ്പെടുത്തുന്ന പേരുള്ള ആധുനികന്റെ, പൂര്‍ണ്ണമായ ഉപയോഗം സാധ്യമാകുന്നത് അവന് വിദ്യാഭ്യാസം ലഭിക്കുമ്പോഴാണ്. നമ്മുടെ കഷ്ടകാലത്തിന് വിദ്യാഭ്യാസമെന്നാല്‍ അക്ഷരാഭ്യാസമാണ്. വായിക്കാനും എഴുതാനും പഠിച്ചാല്‍പ്പിന്നെ അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞ പുസ്തകം കാണാതെ പഠിക്കലായി വിദ്യാഭ്യാസം. സാധാരണ ബി.പി.എല്‍. സമൂഹത്തെ കോളേജില്‍ കയറിയ കാലം മുതല്‍ കണ്ടിട്ടില്ലാത്ത അക്ഷരവിദഗ്ദ്ധര്‍ അവര്‍ക്കറിയാവുന്ന വിജ്ഞാനം മുഴുവന്‍ തല്ലിച്ചതച്ച് ചമ്മന്തിയായി നല്‍കുന്ന വിവരങ്ങള്‍ നിറഞ്ഞ പാഠ്യ പുസ്തകങ്ങള്‍.



ഗാന്ധിജി ചൂണ്ടിക്കാട്ടിയ ദരിദ്രനും അശരണനും ഇപ്പോഴും അതുകൊണ്ട് അങ്ങു ദൂരെ കാത്തു നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്ന് അവരിലും സാമ്പത്തികമായും സാമൂഹ്യമായും മാറ്റം വരുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമല്ലേ, കുഞ്ഞുങ്ങളുടെ മൈന്‍ഡ് സെറ്റില്‍ വന്നിരിക്കുന്ന ഈ മാറ്റം.

Ma is out; Lo is in.



ഒരു മണിരത്‌നം തിരക്കഥയാണ്. ഗുരു എന്ന ധീരുഭായി അംബാനിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മ്മിച്ച പ്രസിദ്ധ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ചേര്‍ക്കാന്‍ ഇടയുള്ളത്.



1994. മുംബായിയില്‍ നരിമാന്‍ പോയന്റിലെ റിലയന്‍സ് ആസ്ഥാനം. ധീരുഭായി അംബാനിയും മകന്‍ മുകേഷ് അംബാനിയും മാത്രം.

ധീരുഭായി ചിന്തയിലായിരുന്നു. ഒരു ആഗോളസെമിനാറില്‍ പങ്കെടുത്ത് തിരിച്ചെത്തിയതേയുള്ളു, ഇരുവരും.

ധീരുഭായി മകനോട് ചോദിച്ചു.

സത്യത്തില്‍ അവിടെ എന്താ നടന്നത് ?

അത്, കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തങ്ങള്‍ കാട്ടിയതായിരുന്നു.

ധീരുഭായി രണ്ടു മിനിട്ട് ആലോചിച്ചു.



സിനിമയില്‍ ഇത് ഒരു സൂപ്പര്‍ ഇംപോസ് ഷോട്ടിലും കട്ട് ചെയ്ത് മുകേഷിന്റെ ഒരു ക്ലോസപ്പിലും ഒതുക്കാം.



നീ ചിറ്റപ്പനെ വിളിക്ക്.

ധീരുഭായിയുടെ കസിന്‍ എണ്ണൂറു കിലോമീറ്ററകലെ ഗുജറാത്തിലെ രാജ്‌കോട്ടിനടുത്ത് ജോര്‍ഹത്ത് ഗ്രാമത്തിലാണ്. മുകേഷ് ഫോണ്‍ കറക്കി. ചിറ്റപ്പനെ കിട്ടി. അഛനും ചിറ്റപ്പനും ബന്ധുക്കളുടെ ആരോഗ്യവും പശു പെറ്റതും പെണ്‍കുട്ടികളുടെ കല്യാണാലോചനകളും മഴയും വിളവും എല്ലാം ഗൗരവമായി സംസാരിക്കുന്നത് മുകേഷ് പുഞ്ചിരിയമര്‍ത്തി കേട്ടു.



ഫോണ്‍സംഭാഷണം നിര്‍ത്തി ധീരുഭായി മകനോട് ചോദിച്ചു.

എടാ, ഈ ബാത് ചീത്തിന് എത്ര രൂപാ ചിലവായി ?

മുകേഷ് കണക്ക് കൂട്ടി.

പന്ത്രണ്ട് രൂപാ നാല്‍പ്പതു പൈസ.

ധീരുഭായി പറഞ്ഞു.

ഈ സംഭാഷണം വലിയ അത്യാവശ്യമുള്ളതായിരുന്നില്ല. എനിക്ക് എന്തെങ്കിലും അറിയേണ്ടിയിരുന്നെങ്കില്‍ത്തന്നെ ഒരു പോസ്റ്റ് കാര്‍ഡിലെഴുതി അയച്ചാല്‍ മതിയായിരുന്നു. ഇന്ന് ഒരു കാര്‍ഡ് നമ്മള്‍ അയച്ചാല്‍ അത് എന്ന് ചിറ്റപ്പന് കിട്ടും ?

നാലാം ദിവസം.

അതൊരു റിപ്ലൈ പേയ്ഡ് പോസ്റ്റ് കാര്‍ഡ് ആണെങ്കില്‍ പിന്നെ ഒരു നാലു ദിവസം കൂടി കഴിഞ്ഞ് എനിക്കു മറുപടി കിട്ടും. അല്ലേ ?

അതെ.

റിപ്ലൈ പെയ്ഡ് കാര്‍ഡിന് എന്തു ചിലവാകും ?

അമ്പതു പൈസ.

ധീരുഭായി ചിരിച്ചു.

മുകേഷ്, നീ ശരിക്ക് അന്വേഷിക്ക്. ഈ ടെലിഫോണ്‍ വിളി ആ സെമിനാറില്‍ പറഞ്ഞ ടെക്‌നോളജിക്ക് പന്ത്രണ്ടു രൂപാ നല്‍പ്പതു പൈസയ്ക്കു പകരം അമ്പതു പൈസയില്‍ ആക്കാമെങ്കില്‍ നമുക്കിത് ധൈര്യമായി എടുക്കാം.



അടുത്ത കട്ട് ഷോട്ട്.

ഇന്ത്യന്‍ ഹൈവേകളുടെ ഇരുവശവും വലിയ ബില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. ധീരുഭായി അംബാനി മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്ന ചിത്രം. താഴെ വലിയ അക്ഷരങ്ങളില്‍ പരസ്യവാക്യം.

നാല്‍പ്പത്തഞ്ചു പൈസയ്ക്ക് എസ്.ടി.ഡി.

മണിരത്‌നം ധീരുഭായി ആയി വേഷമിട്ട അഭിഷേക് ബച്ചനെക്കൊണ്ട് ഐശ്വര്യാറോയിയോട് പറയിപ്പിച്ചു.



നോക്കൂ. ഇനി നമുക്ക് സാക്ഷരതയ്ക്കു വേണ്ടി കാത്തിരിക്കേണ്ട. മൊബൈലുപയോഗിക്കാന്‍ അക്ഷരം പഠിക്കേണ്ടല്ലോ.

'മാ' യില്‍നിന്ന് 'ലോ' യിലേക്കുള്ള മാറ്റം സ്വാഭാവികമാണ്. അല്ലേ?



Tags: K.L.Mohanavarma, Mohadhaneeyam

No comments: