ഹോം » കമെന്ററി » മോഹധനീയം
ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപ
Posted on: 22 Jul 2010
ദേവനാഗരിയിലെ ര എന്ന അക്ഷരം (ഹിന്ദിയിലെ ര) , റോമന്‍ ലിപിയിലെ താങ്ങില്ലാത്ത R, രണ്ടും ചേര്‍ന്ന നമ്മുടെ പ്രിയപ്പെട്ട രൂപയുടെ പുതിയ മുഖം, കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കുഞ്ഞിയമ്മ സ്സാറിനെയാണ്.
1943. രമേഷ് ചെന്നിത്തലയ്ക്കും ചെന്നിത്തല സിദ്ധനും മുമ്പുള്ള ചെന്നിത്തല ഗ്രാമം. അവിടുത്തെ അക്കാലത്തെ പ്രധാന വിദ്യാലയമായ വെട്ടത്തുവിള പ്രൈമറി സ്‌ക്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഞാന്‍. കുഞ്ഞിയമ്മസ്സാറാണ് ഹെഡ് മിസ്റ്റ്രസ് - കം - ക്ലാസ് ടീച്ചര്‍. അറ്റന്‍ഡന്‍സ് എടുത്തു കഴിഞ്ഞ് ആദ്യത്തെ പരിപാടി ഞങ്ങള്‍ പെറുക്കി കൊണ്ടുവന്ന ഇരുമ്പുകഷണങ്ങള്‍ സാറിന്റെ മേശപ്പുറത്തു വയ്ക്കുകയാണ്. ലാടം. തുരുമ്പു പിടിച്ച ആണി, മൊട്ടുസൂചി, ഒടിഞ്ഞ ചട്ടുകം, കമ്പിക്കഷണം. എന്തുമാകാം. ഇരുമ്പായിരിക്കണം. യുദ്ധം നടക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം. അതിന്റെ ആവശ്യത്തിനായി ബ്രിട്ടീഷ് ചക്രവര്‍ത്തി ഇന്ത്യാ മഹാരാജ്യത്തിലെ മാത്രമല്ല, തിരുവിതാംകൂറ് രാജ്യത്തിലെയും എല്ലാ പ്രജകളോടും ഇരുമ്പു ഉരുപ്പടികള്‍ സംഭരിച്ചു നല്‍കാന്‍ ആജ്ഞാപിച്ചിരിക്കുകയാണ്. സ്‌ക്കൂള്‍ കുട്ടികളുടെ പ്രധാന വിനോദം പറമ്പായ പറമ്പെല്ലാം ഇരുമ്പിനു വേണ്ടി തെരയുകയാണ്. ഇരുമ്പു കഷണങ്ങള്‍ മേശപ്പുറത്തു കൂട്ടി വച്ച് സാറ് പാതി നരച്ച മുടി ചൊറിഞ്ഞുകൊണ്ട് തിരിഞ്ഞു നിന്ന് പാതി നരച്ച ബ്ലാക്ക് ബോര്‍ഡില്‍ ചോദ്യം എഴുതും.
ഇരുമ്പിന്റെ വില 6 രൂപാ 4 പണം 2 ചക്രം 8 കാശ്. ഇതിനെ ബ്രിട്ടീഷ് നാണയത്തിലാക്കുക.
പൊന്നു തമ്പുരാന്റെ സര്‍ക്കാര്‍ നാണയത്തെ ചക്രവര്‍ത്തിയുടെ ബ്രിട്ടീഷ് നാണയമാക്കുക. ഇംഗ്ലണ്ടിലെ പവനും, ഷില്ലിംഗും, പെന്‍സുമല്ല. അതിലും വീരന്മാരായ ഗിനിയും ഫാര്‍തിംഗുമല്ല. വെറും ബ്രിട്ടീഷ് ഇന്ത്യന്‍ നാണയം. എക്‌സ്‌ചേഞ്ച് റേറ്റ് ക്യത്യമാണ്. രണ്ടും രൂപയാണ്. പക്ഷെ സര്‍ക്കാര്‍ രൂപയ്ക്ക് ബ്രിട്ടീഷ് രൂപയുടെ ഗമ പാടില്ലല്ലോ. അതുകൊണ്ട് അവന്‍ അല്പം ചെറുതാണെന്നു മാത്രം. സര്‍ക്കാര്‍ രൂപയ്ക്ക് 28 ചക്രം വില. ബ്രിട്ടീഷ് രൂപയ്ക്ക് 281/2 ചക്രം. പക്ഷെ അതുകൊണ്ടും നിന്നില്ല. ഒരു സര്‍ക്കാര്‍ രൂപയ്ക്ക് 7 പണം. 1 പണം 4 ചക്രം. 1 ചക്രം 16 കാശ്. ഒരു ബ്രിട്ടീഷ് രൂപയ്ക്ക് 16 അണ. 1 അണയ്ക്ക് 12 പൈസ.
448 കാശ് ഒരു സര്‍ക്കാര്‍ രൂപാ. 456 കാശ് ഒരു ബ്രിട്ടീഷ് രൂപാ.
192 പൈസ ഒരു ബ്രിട്ടീഷ് രൂപാ. 188 +36/57 പൈസ.
പോരേ പൂരം ?
രണ്ടു പീരിയേഡു കഴിഞ്ഞാലും ഉത്തരം കിട്ടാതെ സ്ലേറ്റു നിറയെ ഗുണനഹരണ കൂട്ടിക്കുറച്ചിലുമായി ഞങ്ങളെല്ലാം സാറ് മേശപ്പുറത്തു വച്ചിരിക്കുന്ന ഇരുമ്പുകഷണങ്ങളിലേക്കും പഴയ ചൂരല്‍ വടിയിലേക്കും ഒളികണ്ണിട്ടു നോക്കി നില്‍ക്കുകയാണ്.
മൈക്രോസോഫ്റ്റ് ബില്‍ ഗേറ്റ്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഓരോരുത്തരുടെയും ദശലക്ഷക്കണക്കിന് ബ്രെയിന്‍ സെല്ലുകള്‍ ഒറ്റയടിക്ക് ഈ ഒറ്റ കണക്കുകൊണ്ട് മരവിച്ചു കഴിഞ്ഞു. ഞങ്ങള്‍ സ്ലേറ്റിലേക്കും ബോര്‍ഡിലേക്കും നിര്‍വികാരതയോടെ നോക്കി നില്‍ക്കുകയാണ്.
തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഒരു പ്രഗത്ഭഗണിതശാസ്ത്രജ്ഞനും ഉണ്ടാകാതിരുന്നതിന് കാരണം, ഒരു സംശയവുമില്ല, കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ഈ സര്‍ക്കാര്‍ രൂപാ ബ്രിട്ടീഷ് രൂപാ കണ്‍വര്‍ഷന്‍ പീഡനമായിരുന്നു.
നെല്ല് വേതനമായിരുന്ന സമൂഹമായിരുന്നു നമ്മുടേത്. അവിടെ നാണയത്തിന് വലിയ പ്രസക്തി ഇല്ലായിരുന്നു. റോമാക്കാര്‍ കുരുമുളകിന് വിലയായി തന്ന നാണയങ്ങള്‍ കാതു കുത്തി തോടയാക്കുകയാണ് നാം ചെയ്തത്. വലിയ പിശുക്കനെന്ന് അറിയപ്പെട്ടിരുന്ന തകഴി ശിവശങ്കരപ്പിള്ളയ്ക്ക് നാണയത്തിന്റെ കാര്യത്തിലേ പിശുക്കുണ്ടായിരുന്നുള്ളു. നെല്ലിന്റെയും തേങ്ങയുടെയും കാര്യത്തില്‍ അദ്ദേഹം പിശുക്കു കാട്ടിയില്ല. ഇതേക്കുറിച്ച് ഓഹരി എന്ന എന്റെ നോവലില്‍ പണത്തിന്റെ കണക്കുകളില്‍ സന്തോഷിക്കുകയും ദു:ഖിക്കുകയും ചെയ്യുന്ന നമ്മുടെ മനസ്സിനെക്കുറിച്ച് എഴുതിയത് വായിച്ച് അദ്ദേഹം പറഞ്ഞു.
അത് ശരിയാ. അതെങ്ങിനെയാ, നെല്ലും തേങ്ങയും പോലാണോ ചക്രം ?
രൂപയുടെ വില ബ്രിട്ടീഷുകാരാണ് തിരുവിതാംകൂറുകാരന് മനസ്സിലാക്കിത്തന്നത്.
1775 ല്‍ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് പാണ്ടികശാലയുടെ (വെയര്‍ഹൗസ്) ഫാക്ടറായിരുന്ന ജെയിംസ് ഫോര്‍ബ്‌സ് അദ്ദേഹം നടത്തിയ ഒരു കച്ചവടം തന്റെ ഓറിയന്റല്‍ മെമ്മയഴ്‌സില്‍ വിവരിക്കുന്നുണ്ട്.
അഞ്ചുതെങ്ങില്‍ ആദായത്തിന് ലഭിക്കുന്ന ഒരു വില്പനച്ചരക്കാണ് കുട്ടികള്‍. വര്‍ഷക്കാലത്ത് ഭാഗികമായെങ്കിലും വെള്ളപ്പൊക്കമുണ്ടായാല്‍ നെല്ലു വിള പകുതിയായി കുറയും. നെല്ലാണ് കൂലി. കൂലി നശിച്ചപ്പോള്‍ കൂലി കിട്ടാതെ ഈ ദരിദ്രപ്പരിഷകള്‍ സഹിക്കവയ്യാത്ത വിശപ്പിന്റെ പ്രേരണയില്‍ അഞ്ചു തെങ്ങിലേക്കു വരുന്നു. പ്രത്യേകമായ ക്ഷാമപരിതസ്ഥിതിയൊന്നും നിലവിലില്ലാത്ത ഒരു അവസരത്തില്‍ എട്ടോ ഒമ്പതോ വയസ്സുള്ള ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ബോംബെയിലെ ഒരു സ്‌നേഹിതയ്ക്ക് സമ്മാനമായി നല്‍കാന്‍, ഇംഗ്ലണ്ടില്‍ രണ്ടു പന്നികള്‍ക്കു കൊടുക്കേണ്ടതിലും കുറഞ്ഞ വിലയ്ക്ക് ഞാന്‍ വാങ്ങുകയുണ്ടായി. അവരെ വാങ്ങുന്നതിനും ബോംബെ യാത്രക്കു വേണ്ടിവരുന്ന രണ്ടു മാസക്കാലത്തെ ഭക്ഷണത്തിനും നാലു സെറ്റു ഉടുപ്പുകള്‍ക്കും ഒക്കെക്കൂടി 20 രൂപയേ വേണ്ടി വന്നുള്ളു.
അന്ന് സര്‍ക്കാര്‍ രൂപാ എത്തിയിട്ടില്ല. ബ്രിട്ടീഷ് രൂപയാണ് ഫോര്‍ബ്‌സ് ചിലവാക്കിയത്.
ബ്രിട്ടീഷുകാര്‍ മാന്യന്മാരാണ്. ദയാലുക്കളാണ്. ശരിക്കുള്ള വില കൊടുക്കും. പോര്‍ത്തുഗീസുകാര്‍ അങ്ങിനെയല്ല. കണ്ണില്‍ ചോരയില്ലാത്തവരാണ്. ഷേര്‍ലോക്കുകള്‍. തന്റെ സുഹ്യത്ത് അഞ്ചുതെങ്ങില്‍ത്തന്നെയുള്ള സിനോര്‍ മാനുവേല്‍ റൊഡ്രിഗ്‌സ് എന്ന പോര്‍ട്ടുഗീസുകാരന്‍ ഒരു കുഞ്ഞിന് അവന്റെ അമ്മ ചോദിച്ച ഒരു രൂപാ വില തര്‍ക്കിച്ച് കുറപ്പിച്ച് അര രൂപാ ആക്കി കച്ചവടം നടത്തിയ കഥയും അദ്ദേഹം ഉദാഹരണമായി വിവരിച്ചിട്ടുണ്ട്.
രൂപാകള്‍ അനവധി ഉണ്ടായിരുന്നു. ജീവിച്ചിരിക്കുന്നവയെക്കാള്‍ മരിച്ചവയാണ് കൂടുതല്‍. അഫ്ഗാനി, ഭൂട്ടാനി, ബര്‍മ്മീസ്, ഡാനിഷ്, ഫ്രഞ്ച്, പോര്‍ട്ടുഗീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്‌ട്രെയിറ്റ്‌സ് സെറ്റില്‍ല്‍മെന്റ്‌സ് (ഗള്‍ഫ്), സൊമാലിയന്‍, ജാവനീസ്, ഡച്ച്, സാന്‍സിബാറിയന്‍, ഇറാനിയന്‍, ഹൈദരാബാദി, പിന്നെ തിരുവിതാംകൂറും. എല്ലാം മരിച്ചു. പാകിസ്താനും, ഇന്‍ഡൊനീഷ്യയും, മാലിയും, മൊറിഷ്യസ്സും, നേപാളും, ശ്രീലങ്കയും, സൈക്കലസ്സും, മാലി ദ്വീപും ഇപ്പോഴും രൂപയെ കൈവിട്ടിട്ടില്ല.
പക്ഷെ ഇന്ന് ദേവനാഗരിയിലെ ര, റോമന്‍ ലിപിയിലെ താങ്ങില്ലാത്ത R, രണ്ടും കൂടി ചേര്‍ന്നപ്പോള്‍ രൂപയ്ക്ക് പൂര്‍ണ്ണമായും ഇന്ത്യന്‍ നിറം വന്നു.
രൂപ്യകം എന്നാല്‍ സംസ്‌കൃതത്തില്‍ വെള്ളിയില്‍ നിന്നുണ്ടായത് എന്നാണര്‍ത്ഥം. വെള്ളിരൂപാ ആയിരുന്നു ഭാരതത്തിന്റെ രൂപാ. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദില്ലി ഭരിച്ചിരുന്ന ഷെര്‍ഷാ സൂരി നാല്പതു ചെമ്പു കാശിന് ഒരു വെള്ളിരൂപാ എന്ന മോണിട്ടറി സ്റ്റാന്‍ഡാര്‍ഡ് ഉണ്ടാക്കി. ലോകത്തിലെ എല്ലാ ധനികരാഷ്ട്രങ്ങളും അന്നു തന്നെ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡിലായിരുന്നു. പക്ഷെ ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറ്റു യൂറോപ്യന്‍ അധിനിവേശ ശക്തികളെപ്പോലെ അവരവരുടേതായ വെള്ളിരൂപാ പ്രചരിപ്പിച്ചു. കമ്പനികള്‍ക്ക് തങ്ങളുടെ വാണിജ്യത്തിന് സ്വന്തം സര്‍ക്കാരിന്റെ നാണയത്തെക്കാള്‍ സൗകര്യം തങ്ങളുടേതായ നാണയമായിരുന്നു.
1825 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ കോളനികളില്‍ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡിലുള്ള സ്റ്റെര്‍ലിംഗ് നാണയങ്ങള്‍ നിര്‍ബന്ധമാക്കിയപ്പോഴും ഈസ്റ്റ് ഇന്ത്യാക്കമ്പനി സ്വന്തം രൂപായുടെ വലക്കെട്ടില്‍ ഇന്ത്യയെ നിര്‍ത്തി. കാരണം ലളിതമായിരുന്നു. രൂപായുടെ കടലാസു നോട്ടുകള്‍ ഹിന്ദുസ്ഥാന്‍ ബാങ്കും, ബംഗാള്‍ ബിഹാര്‍ ജനറല്‍ ബാങ്കും, ബംഗാള്‍ ബാങ്കും എല്ലാം സ്വന്തരീതിയില്‍ 1770-80 മുതല്‍ അടിച്ചിറക്കാന്‍ തുടങ്ങിയിരുന്നു. വാറന്‍ ഹേസ്റ്റിംഗ്‌സ് മുതല്‍ എല്ലാ കമ്പനിത്തലവന്മാര്‍ക്കും ബാങ്കുകളില്‍ പങ്കുണ്ടായിരുന്നു.
പക്ഷെ സില്‍വര്‍ സ്റ്റാന്‍ഡേര്‍ഡിന് ഒരു അക്കിടി പറ്റി. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആഫ്രിക്കന്‍ കോളനികളിലും വെള്ളി ഖനികള്‍ കണ്ടു പിടിക്കപ്പെട്ടു. വെള്ളിയുടെ വില ഇടിഞ്ഞു. സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു. രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതു കാരണം ഇന്ത്യയുടെ വിദേശവ്യാപാര മേഖല തകര്‍ച്ചയിലായി.
രൂപ രണ്ടാംതരം കറന്‍സിയായി.
1857 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം കമ്പനിയില്‍ നിന്നു വിടര്‍ത്തി. വെള്ളിരൂപയ്ക്കു പകരം സ്വര്‍ണ്ണപ്പവന്‍ പ്രധാന നാണയമാക്കാന്‍ ശ്രമിച്ചു. സിഡ്‌നിയിലെ കമ്മട്ടത്തിലടിച്ച കുതിരപ്പവന്‍ ലക്ഷക്കണക്കിന് ഇന്ത്യയിലെത്തി. പക്ഷെ ഇന്ത്യക്കാര്‍ വിനിമയത്തിനു പകരം ഈ തിളങ്ങുന്ന നാണയം ആഭരണത്തിനാണ് ഉപയോഗിച്ചത്.
ഇന്ത്യന്‍ രൂപാ വെള്ളിയുടേതാണ്. എന്നാല്‍ ബ്രിട്ടീഷ് രൂപാ ഇന്ത്യയില്‍ ആദ്യം കാല്‍കുത്തിയ ബംഗാള്‍മണ്ണില്‍ രൂപയ്ക്ക് പേര് തന്‍കാ എന്നായിരുന്നു. തനക സംസ്‌ക്യതത്തില്‍ വിലപിടിച്ചത് എന്നര്‍ത്ഥം. ഇന്നും രൂപ ബംഗാളിയില്‍ (ബംഗ്ലാദേശിലും) താക്കായും ഒറിയയില്‍ തങ്കായുമാണ്.
അതുപോലെ തിരുവിതാംകൂറിലും ഇന്നും സര്‍ക്കാര്‍ രൂപ നിലനില്‍ക്കുന്നുണ്ട്.
നാണയത്തിലും, നോട്ടിലും ഒന്നുമല്ല. നമ്മുടെ മലയാളത്തില്‍. നാടന്‍ വര്‍ത്തമാനത്തില്‍. മനസ്സുകളില്‍.
ഇപ്പോഴും വഴിയോരത്ത് സംഭാഷണത്തിനിടയില്‍ കേള്‍ക്കാം.
നാലു ചക്രമുണ്ടാക്കാന്‍ പെടുന്ന പാടേ ?
നാലു ചക്രം കൈയില്‍ വന്നപ്പോഴേക്ക് അവന്റെയൊരു....ഞാനൊന്നും പറയുന്നില്ല.
ചക്രമാണ് നമുക്കു നാണയം.
ഇരുപത്തെട്ടു ചക്രം ഒരു സര്‍ക്കാര്‍ രൂപാ.
Tags: Rupee
No comments:
Post a Comment